ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിനായി ഇന്ത്യയിലെ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡായ ബിസിസിഐ സമ്മാനിക്കുന്നത് ഇരുപത്തൊന്നു കോടി രൂപ. പരിശീലകരും കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ഉള്‍പ്പെട്ട സംഘത്തിനാണ് ഇത്രയും രൂപ ലഭിക്കുന്നത്. സമ്മാന പ്രഖ്യാപനത്തിലും ബിസിസിഐ പാക്കിസ്ഥാനെതിരേ മുന വച്ച പ്രയോഗങ്ങളാണ് നടത്തിയത്. മൂന്നു പ്രഹരങ്ങള്‍, മറുപടി പൂജ്യം, ഏഷ്യ കപ്പ് ചാമ്പ്യന്മാര്, മെസേജ് ഡെലിവേര്‍ഡ് എന്നായിരുന്നു ഇന്ത്യന്‍ വിജയം സംബന്ധിച്ച് ബിസിസിഐ കമന്റ് കുറിച്ചത്.
അതേസമയം ടൂര്‍ണമെന്റിലെ മുഴുവന്‍ മാച്ച് ഫീസും സൈന്യത്തിനും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കുമായി നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചു. ഏഷ്യ കപ്പിലെ ഒരു മത്സരത്തിനു ഓരോ കളിക്കാരനും നാലുലക്ഷം രൂപ വച്ചാണ് മാച്ച് ഫീസായി ലഭിക്കുക. ഇതനുസരിച്ച് സൂര്യകുമാറിന് ഏഴു മത്സരങ്ങളില്‍ നിന്ന് മാച്ച് ഫീസായി ലഭിക്കുന്നത് 28 ലക്ഷം രൂപയാണ്.
കോടികള്‍ പുതപ്പിച്ച് ബിസിസിഐ, മാച്ച് ഫീസ് പഹല്‍ഗാം ഇരകള്‍ക്ക് നല്കി ക്യാപ്റ്റന്‍

