ന്യൂഡല്‍ഹി: അമേരിക്കക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കയറിപ്പറ്റ് അവരെ അതിവിദഗ്ധമായി കബളിപ്പിച്ച് 350 കോടിയിലധികം രൂപ തട്ടിയെടുത്ത് മൂന്നു പേരെ അമേരിക്കന്‍ ഫെഡറല്‍ പോലീസിന്റെയും സിബിഐയുടെയും സംയുക്ത ഓപ്പറേഷനില്‍ കുടുക്കി. 2023 മുതല്‍ തുടര്‍ന്നു പോരുന്ന തട്ടിപ്പിനാണ് ഇതോടെ ചുരുളഴിഞ്ഞത്. മറ്റ് സൈബര്‍ ഫണ്ട് തട്ടിപ്പുകളില്‍ നിന്നു വ്യത്യസ്തമായി ഇരകളുടെ വിശ്വാസം കൂടി ആര്‍ജിച്ച ശേഷം സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് പണം ഊറ്റിയെടുക്കുന്ന തട്ടിപ്പു തന്ത്രമാണിവര്‍ പയറ്റിയിരുന്നത്. തട്ടിപ്പു സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം തുടരുന്നു. ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജിത് സിങ് ബാലി എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകള്‍. ഇവരുടെ പക്കല്‍ നിന്ന് തട്ടിപ്പു തെളിയിക്കാനാവശ്യമായ ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും പിടികൂടി. പഞ്ചാബില്‍ അമൃത്സറിലെ ഖല്‍സാ കോളജിന് സമീപം ഗ്ലോബല്‍ ടവറില്‍ ഇവര്‍ നടത്തിയിരുന്ന ഡിജികാപ്‌സ് എന്ന സ്ഥാപനമാണ് തട്ടിപ്പിന്റെ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിച്ചത്. ഇതൊരു കോള്‍ സെന്ററാണ്. പ്രവര്‍ത്തനങ്ങള്‍ അധികവും അമേരിക്കന്‍ ഇടപാടുകാര്‍ക്കായാണ്.
അതിവിദഗ്ധമായാണ് ഇവര്‍ ത്ട്ടിപ്പു നടത്തിയിരുന്നത്. അമൃത്സര്‍ മുതല്‍ വാഷിങ്ടണ്‍ വരെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നത്. അമേരിക്കന്‍ പൗരന്‍മാരെ മാത്രമാണ് തട്ടിപ്പിനിരയാക്കിയിരുന്നത്. ഇരകളുടെ കംപ്യൂട്ടറുകളിലും ബാങ്ക് അക്കൗണ്ടുകളിലും നുഴഞ്ഞുകയറി ഇവര്‍ റിമോട്ട് അക്‌സസ് സ്ഥാപിക്കും. ഇരകളുടെ ബാങ്ക് അക്കൗണ്ട് അപകടത്തിലാണെന്നു സ്ഥിരമായി സന്ദേശമയച്ച് അവരുടെ വിശ്വാസം പിടിച്ചു പറ്റും. അടുത്ത പടിയായി ഇവര്‍ നിര്‍ദേശിക്കുന്ന ക്രിപ്‌റ്റോ കറന്‍സി വോലറ്റുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യിക്കും. ഇങ്ങനെയാണ് 350 കോടി രൂപ ഇവര്‍ കൈക്കലാക്കിയത്. കുറ്റകൃത്യം തെളിയിക്കുന്നതിനാവശ്യമായ 85 ഹാര്‍ഡ് ഡ്രൈവുകളാണ് ഇവരുടെ സ്ഥാപനത്തില്‍ നിന്നു പിടിച്ചെടുത്തത്. ഇതിനു പുറമെ 16 ലാപ്‌ടോപ്പുകള്‍, 44 മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അമേരിക്കക്കാരുടെ പണം അവരുടെ ബാങ്കില്‍ നിന്ന് അവരറിഞ്ഞ് ഊറ്റിയ സംഘം പിടിയില്‍
