ധാക്ക: മതപരമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഇസ്ലാമിക വിരുദ്ധമെന്ന ആക്ഷേപം നേരിടുന്ന അധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കാന്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍. താലിബാന്‍ ശൈലിയില്‍ റദ്ദാക്കപ്പെടുന്ന തസ്തികകളില്‍ സംഗീത-നൃത്ത അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ളവയും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരാണ് ഇത്തരം നിയമനങ്ങള്‍ റദ്ദാക്കുന്ന തീരുമാനം അടുത്തകാലത്ത് നടപ്പാക്കിയ ചരിത്രമുള്ളത്.
ബംഗ്ലാദേശിലെ പ്രൈമറി, മാസ് എഡ്യുക്കേഷന്‍ മന്ത്രാലയം സംഗീത-നൃത്ത അധ്യാപകരുടെ തസ്തികകളിലേക്കു കൂടി നിയമനം നടത്തുന്നതിന് അടുത്തയിടെ അപേക്ഷകള്‍ ക്ഷണിച്ചിരുന്നതാണ്. മറ്റു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതിനൊപ്പമായിരുന്നു ഈ തസ്തികളിലേക്കു കൂടി നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ അവയില്‍ നിന്ന് സംഗീത-നൃത്ത അധ്യാപകരുടെ തസ്തികകള്‍ മാത്രമായി ഉപേക്ഷിക്കുകയാണിപ്പോള്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒഴിവാക്കുന്നവയില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരുടെ തസ്തികകളും ഉള്‍പ്പെടും. മതപരമായ കാര്യങ്ങള്‍കൊണ്ട് സമ്മര്‍ദത്തിനു വഴങ്ങിയാണോ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഇക്കാര്യം നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാമെന്നായിരുന്നു മന്ത്രാലയ ഉദ്യോഗസ്ഥന്‍ മസൂദ് അക്തറിന്റെ പ്രതികരണം.

