തെരുവുനായ്ക്കള്‍ക്കിടയില്‍ വിഐപി പദവിയിലേക്കുയരാന്‍ ബെംഗളൂരുവിലെ തെരുവുനായ്ക്കള്‍. ഇവയ്ക്ക് ചിക്കന്‍ ഉള്‍പ്പെടെയുള്ള സ്‌പെഷാലിറ്റി മെനുവാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തയ്യാറാക്കിയിരിക്കുന്നത്.
പണ്ടേ ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ കോര്‍പ്പറേഷന്‍ ഫണ്ട് അനുവദിക്കാറുള്ളതാണ്. എന്നാല്‍ ഇതുവരെ നല്‍കിയിരുന്ന വെജിറ്റേറിയന്‍ ഭക്ഷണത്തിനു പകരം ഇനിമുതല്‍ നോണ്‍വെജിറ്റേറിയന്‍ മെനുവാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, നൂറു ഗ്രാം ചോറ്, നൂറു ഗ്രാം പച്ചക്കറി, 10 ഗ്രാം സസ്യ എണ്ണ എന്നിവ ഇനിമുതലുണ്ടാകും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കുന്നത്. ഈ മെനു അനുസരിച്ച് ദിവസവും അയ്യായിരം തെരുവുനായ്ക്കള്‍ക്കായി ഭക്ഷണമൊരുക്കും.
നായ്ഭക്ഷണത്തിനായി 2.9 കോടി രൂപ കോര്‍പ്പറേഷന്‍ വകയിരുത്തിയിരിക്കുന്നു. ഒരു നായയ്ക്ക് ഒരു ദിവസത്തേക്ക് 22.42 രൂപയുടെ ഭക്ഷണം ലഭിക്കും. തെരുവുനായ്ക്കളുടെ ആക്രമണ സ്വഭാവം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് അവയ്ക്കു നോണ്‍വെജിറ്റേറിയന്‍ ഭക്ഷണക്രമം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ബിബിഎംപി അധികൃതര്‍ പറയുന്നത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ മാര്‍ഗരേഖയുമാണ് പുതിയ ഭക്ഷണക്രമം നിശ്ചയിക്കുന്നതിനു പിന്നിലുള്ളതെന്നാണ് ബിബിഎംപി സ്‌പെഷല്‍ കമ്മീഷണര്‍ സുരാകല്‍കര്‍ വ്യാസ് പറയുന്നത്.
അങ്ങേയറ്റം മനുഷ്യത്വപൂര്‍ണമായ നടപടിയാണിതെന്നു മൃഗസ്‌നേഹികള്‍ പറയുമ്പോള്‍ നികുതിദായകരുടെ പണം അനാവശ്യ കാര്യങ്ങള്‍ക്കായി പാഴാക്കുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിതെന്ന് മറുപക്ഷം വാദിക്കുന്നു. എന്തായാലും നായ്ക്കള്‍ക്കായുള്ള വിഐപി തീറ്റ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകളാണ് ബെംഗളൂരുവില്‍ നടക്കുന്നത്.
ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ വിഐപി തീറ്റയിലേക്ക്
