ഹൈദരാബാദ്: ഹൈദരാബാദില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കേരള ഹോട്ടല്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ജോഷിയേട്ടന്‍ കേരള തട്ടുകട എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റാണ് ആള്‍ക്കൂട്ട നീതിയുടെ ഇരയായി പൂട്ടിയത്. ബീഫ് വിളമ്പിയെന്നു പറഞ്ഞ് ഹൈദരാബാദില്‍ ഒരു ഹോട്ടല്‍ പൂട്ടിക്കുന്നത് ആദ്യമായാണെന്ന് പറയുന്നു.
ഹൈദരാബാദ് സിറ്റിയില്‍ ടര്‍ണാക പ്രദേശത്ത് ഒസ്മാനിയ യൂണിവേഴ്‌സിറ്റി പരിസരത്ത് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിക്കു സമീപത്തായിരുന്നു ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയായ ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിലും നിരവധി മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനാല്‍ അവരുടെയും പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു ഇത്. ധാരാളം ആള്‍ക്കാര്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചെത്തുന്നത്. ബീഫ് വിളമ്പുന്നതിനാല്‍ അടച്ചു പൂട്ടണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു.
ബീഫ് വിളമ്പിയാല്‍ റസ്റ്റോറന്റ് പൂട്ടിക്കുമെന്ന് നേരത്തെ തന്നെ വിഎച്ച്പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

