മനാമ: ലോകത്ത് ഏറ്റവും ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ബഹ്റിന് ഇടം നേടി. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ നടത്തിയ റാങ്കിങ്ങിലാണ് ബഹ്റിന് മികവു തെളിയിച്ചത്. ബിസിനസ് ആരംഭിക്കാന്‍ ഏറ്റവും യോജിച്ച രാഷ്ട്രങ്ങളിലൊന്നായി ബഹ്റിനെ മാറ്റുന്നത് അവിടുത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷവും അനായാസമുള്ള രജിസ്ട്രേഷന് നടപടിക്രമങ്ങളുമാണെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ അഭിപ്രായപ്പെടുന്നു. സിംഗപ്പൂരില്‍ ഒരു ബിസിനസ് ആരംഭിക്കണമെങ്കില്‍ ഒന്നര ദിവസം മാത്രം മതിയാകുന്ന നിലവിലെ അവസ്ഥയോടാണ് ബഹ്റിനിലെ അവസ്ഥയും താരതമ്യപ്പെടുത്താനാവുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏറക്കുറേ സിംഗപ്പൂരിനു തൊട്ടു തന്നെ വരുന്ന താമസം മാത്രമാണ് ബഹ്റിന് രജിസ്ട്രേഷന് നടപടികള്ക്കുമുള്ളത്.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഉന്നത റാങ്കിങ് ബഹ്റിന് അധിക നേട്ടമാകുകയാണ്. ഇന്റര്‍ നേഷന്‍സ് രണ്ടു വര്‍ഷം മുമ്പു പ്രസിദ്ധീകരിച്ച എക്സ്പാറ്റ് എസന്‍ഷ്യല്‍സ് ഇന്‍ഡക്സ് പ്രകാരവും ബിസിനസ് തുടങ്ങാന്‍ ലോകത്ത് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്താന്‍ ബഹ്റിനു സാധിച്ചിരുന്നതാണ്. യുഎഇ, സിംഗപ്പൂര്‍, സൗദി അറേബ്യ, കാനഡ തുടങ്ങിയ മുന്‍നിര രാജ്യങ്ങളുടെ ബിസിനസ് സൗഹൃദ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് അതുമായി തട്ടിച്ചു നോക്കിയാണ് പുതിയ പട്ടികയ്ക്കുള്ള സൂചികകള്‍ക്കു രൂപം നല്‍കിയിരുന്നത്.
ബഹ്റിന് കുതിക്കുന്നു, ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെ മികവില്‍ മുന്‍നിരയിലേക്ക്
