നേപ്പാള്‍ കത്തുന്നുവെന്നു പറയുമ്പോള്‍ ഈ കുരുന്നു ബാലന്റെ പ്രസംഗം കേട്ടോ

കാഠ്മണ്ഡു: നേപ്പാളിലെ സംഭവവികാസങ്ങള്‍ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നൊരു പ്രസംഗമുണ്ട്. അതൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടേതാണ്. കാഠ്മണ്ഡുവിലെ ഹോളി ബെല്‍ ഇംഗ്ലീഷ് സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ് ബോയ് ആയ അവിനാഷ് റൗട്ട് എന്ന ബാലന്‍ ആവേശം മുറ്റിയ തന്റെ പ്രസംഗത്തിലൂടെ ആ സ്‌കൂളിലെ വാര്‍ഷികത്തിനു വന്ന മുഴുവന്‍ പേരെയും ഇളക്കുകയായിരുന്നു. ഇത്തരം പ്രസംഗങ്ങളാണ് നേപ്പാളി യുവതയെ തെരുവിലിറക്കിയത്. അവിനാഷ് റൗട്ടിന്റെ പ്രസംഗം ഇങ്ങനെ:

ഞാനിന്ന് നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് എന്റെയുള്ളില്‍ കത്തുന്ന പ്രതീക്ഷയുടെ അഗ്നിയുമായാണ്. എന്നാല്‍ അതിനൊപ്പം എന്റെ ഹൃദയം ഭാരം കൊണ്ടു നിറഞ്ഞിരിക്കുകയുമാണ്. കാരണം എന്റ സ്വപ്‌നങ്ങള്‍ കൈമോശം വന്നു പോകുന്നു. രാജവംശം ഭരിച്ചിരുന്ന നല്ലൊരു രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളേ നിങ്ങള്‍ ഉണരുകു, തിളങ്ങുക. ഹോളി ബെല്‍ ഇംഗ്ലീഷ് സെക്കന്‍ഡറി സ്‌കൂള്‍ എന്ന നമ്മുടെ രാജകീയ വിദ്യാലയത്തിലെ ഹെഡ് ബോയ് ആയ ആവിഷ്‌കാര്‍ റൗട്ട് എന്ന ഞാന്‍ നമ്മുടെ സ്‌കൂളിന്റെ ഇരുപത്തിനാലാമത് വാര്‍ഷികത്തിലേക്ക് ഓരോരുത്തരെയും തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തില്‍ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത് നിങ്ങളുടെ ബോധത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ഇരുളിനെ തുളച്ച് പ്രകാശത്തെ ഇറക്കി വിടുന്നതിനു വേണ്ടിയാണ്. ചരിത്രത്തിന്റെ പ്രയാണത്തില്‍ കാതലായ മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. ആ മാറ്റത്തെ അനശ്വരമാക്കുന്നതിനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. നേപ്പാള്‍ എന്ന ഈ രാജ്യം, നമ്മുടെ അമ്മ നമുക്കു ജന്മം തന്നിരിക്കുകയാണ്. നമ്മെ പരിപാലിക്കുകയാണ്. എന്നിട്ട് പകരമായി ആവശ്യപ്പെടുന്നതെന്താണ്. നമ്മുടെ സത്യസന്ധത, നമ്മുടെ കഠിന പ്രയത്‌നം, നമ്മുടെ സംഭാവന. എന്നിട്ടു നമ്മളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മള്‍ തൊഴിലില്ലായ്മയുടെ തുടലുകള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. വിശാലമായ സാധ്യതകളുടെ ലോകം കാണുമ്പോള്‍ പോലും സ്വാര്‍ഥത നിറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ കെണികളില്‍ നമ്മള്‍ കുടുങ്ങിയിരിക്കുകയാണ്. അഴിമതിയുടെ ആധിക്യം നമ്മുടെ ഇന്റര്‍നെറ്റിനെ പറത്തിക്കളഞ്ഞിരിക്കുന്നു. നമ്മുടെ ഭാവിയിലെ വെളിച്ചത്തെയാണ് ഇതുവഴി ഇക്കൂട്ടര്‍ കെടുത്തിക്കളയുന്നത്. അതുകൊണ്ട് ചെറുപ്പക്കാരേ ഉണര്‍ന്നെഴുന്നേല്‍ക്കുക, നമ്മളാണ് മാറ്റത്തിന്റെ പന്തം വഹിക്കേണ്ടവര്‍, നമ്മള്‍ സ്വരം ഉയര്‍ത്തുന്നില്ലെങ്കില്‍ ആരു സ്വരം ഉയര്‍ത്തുമെന്നാണ് കരുതുന്നത്. നമ്മള്‍ ഈ രാഷ്ട്രത്തെ നിര്‍മിക്കുന്നില്ലെങ്കില്‍ ആരു നിര്‍മിക്കുമെന്നാണ്. ഇരുളിനെ കത്തിച്ചുകളയേണ്ട തീയാണ് നമ്മള്‍. അനീതിയെ പറത്തിക്കളയേണ്ട കൊടുങ്കാറ്റാണ് നമ്മള്‍. അതിനു ശേഷം വേണം ഈ രാജ്യത്തില്‍ ഐശ്വര്യം വന്നു നിറയേണ്ടത്. നമുക്ക് ഈ രാഷ്ട്രം നല്‍കുന്നതിനു വേണ്ടിയാണ് നമ്മുടെ പൂര്‍വികര്‍ രക്തം ചിന്തിയത്. നമുക്കിത് വിറ്റുകളയാനാവില്ല. നമുക്കിത് നഷ്ടപ്പെടുത്താനാവില്ല. നമ്മള്‍ തീയാണ്. നമ്മള്‍ നിരാശയുടെ എല്ലാ സാധ്യതകളെയും എരിയിച്ചു കളയും. ഇപ്പോഴാണ് നമ്മള്‍ തീരുമാനിക്കേണ്ടത് ഇരുളിന്റെ കയത്തില്‍ മുങ്ങി മരിക്കണമോയെന്ന്. അതോ പ്രതീക്ഷയുടെ സൂര്യനായി ഉദിച്ചുയരണമോയെന്ന്. നമ്മള്‍ ഈ രാഷ്ടത്തിന്റെ വിധിയെ തിരുത്തുമോ അതോ ചങ്ങളകളില്‍ കഴിയാന്‍ ഇതിനെ വിട്ടുകൊടുക്കുമോ. ബീരേന്ദ്ര രാജാവ് ഒരിക്കല്‍ പറയുകയുണ്ടായിഞാന്‍ മരിച്ചാലും എന്റെ രാജ്യം നിലനില്‍ക്കണമെന്ന്. അതുകൊണ്ട് ചെറുപ്പക്കാരേ ഈ വാക്കുകള്‍ നിങ്ങളുടെ ഹൃദയങ്ങളിലുണ്ടാകട്ടെ. നിങ്ങളുടെ ശവകുടീരങ്ങളിലുമുണ്ടാകട്ടെ. ചരിത്രത്തിന്റെ പ്രയാണത്തില്‍ മാറ്റത്തി്‌ന്റെ വാഹകരാകാന്‍ നിങ്ങള്‍ക്കാകട്ടെ. നേപ്പാള്‍ നമ്മുടേതാണ്. ഇതിന്റെ ഭാവി നമ്മുടെ കൈകകളിലാണ്. അതുകൊണ്ട് ഒത്തു ചേരുക, ഒന്നിച്ചിറങ്ങുക.