അബുദാബിയില്‍ ആദ്യം, മറ്റ് എമിറേറ്റുകളില്‍ പിന്നീട്, ഡ്രൈവറില്ലാ ഡെലിവറി വാഹനം

അബുദാബി: എമിറേറ്റുകളിലൊന്നില്‍ ഡ്രൈവറില്ലാത്ത ആദ്യ ഡെലിവറി വാഹനത്തിന് നമ്പര്‍ ലഭിച്ചു. ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ സെവന്‍ എക്‌സ് ആണ് ഡ്രൈവറില്ലാതെ ഓടുന്ന ഓട്ടോണമസ് ഡെലിവറി വാഹനങ്ങള്‍ അബുദാബിയിലെത്തിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ക്കായുള്ള നമ്പര്‍പ്ലേറ്റ് പ്രോഗ്രാമിനും അബുദാബിയില്‍ തുടക്കമായി. സെവന്‍ എക്‌സിന്റെ തന്നെ ലോജിസ്റ്റിക്‌സ് വിഭാഗമായ കെ 2, ഇഎംഎക്‌സ് എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ഈ പരിപാടിയും ആസുത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ അബുദാബിയിലെ മസദാര്‍ സിറ്റിയില്‍ ഇത്തരം വാഹനങ്ങളുടെ ഓണ്‍റോഡ് പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്.
ഇത്തരം വാഹനങ്ങളില്‍ ആവശ്യക്കാരുടെയടുത്ത് സാധനങ്ങളെത്തിക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് പരീക്ഷണഓട്ടം നടത്തുന്നത്. ഇവിടെ വിജയമെന്നു കണ്ടാല്‍ ഈ പരിപാടി ഖലീഫാ സിറ്റിയിലേക്കും അതിനു ശേഷം ദുബായിലെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കും. കൊറിയര്‍, എക്‌സ്പ്രസ്, പാഴ്‌സല്‍ കമ്പനികളെയാണ് ഇത്തരം വിതരണ സംവിധാനത്തിന്റെ ഗുണഭോക്താക്കളായി നിലവില്‍ കണ്ടുവച്ചിരിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ നിശ്ചിത സ്‌റ്റേഷനുകളില്‍ നിശ്ചിത റൂട്ടുകളിലൂടെ എത്തുകയായിരിക്കും ചെയ്യുക. അവിടെ വച്ച് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ കൈമാറും.