ഉത്സവകാലത്ത് വണ്ടിവില്‍പന അടിപൊളി, സെക്കന്‍ഡില്‍ ഒരു കാറും ഓരോ സെക്കന്‍ഡിലും മൂന്ന് ഇരുചക്ര വാഹനവും

മുംബൈ: നവരാത്രി, ദീപാവലി ഉത്സവ കാലയളവില്‍ ഇന്ത്യയിലെ വാഹന വിപണിയില്‍ ചരിത്ര മുന്നേറ്റം. അക്ഷരാര്‍ഥത്തില്‍ ബംമ്പര്‍ ലോട്ടറിയടിച്ച അവസ്ഥയിലാണ് വാഹന നിര്‍മാതാക്കള്‍. നാല്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ ഉത്സവ വിപണിയില്‍ രണ്ടു സെക്കന്‍ഡില്‍ ഒരു കാറും ഓരോ സെക്കന്‍ഡിലും മൂന്ന് ഇരുചക്ര വാഹനങ്ങള്‍ വീതവുമാണ് വിറ്റുപോയത്.

കാറുകളും സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും വാനുകളുമടക്കം 7.76 ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് ഇക്കാലയളവില്‍ നടന്നത്. അതേ സമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പന 40.5 ലക്ഷം യൂണിറ്റുകളാണ്. ഇന്നുവരെയുണ്ടാകാത്തത്ര വലിയ ചരിത്ര മുന്നേറ്റമാണ് ഇത്. പ്രതിദിന കച്ചവടം 18261 ചെറു വാഹനങ്ങളുടെയും 96500 ഇരുചക്ര വാഹനങ്ങളുടെയുമായിരുന്നു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

വില്‍പനയെ ഇതുവരെയില്ലാത്ത ഉയരങ്ങളിലെത്തിച്ച പ്രധാന ഘടകം രാജ്യത്തൊട്ടാകെ ജിഎസ്ടി നിരക്കുകളില്‍ വന്ന കുറവാണ്. ഈ ഇളവിന്റെ ആനുകൂല്യം ഒരു മണിക്കൂര്‍ പോലും വൈകാതെ ഉപഭോക്താക്കളിലെത്തിക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയാറാകുകയും ചെയ്തു. ഇഷ്ടവാഹനങ്ങളുടെ വിലയില്‍ രണ്ടു ലക്ഷം രൂപ വരെ കുറഞ്ഞ മോഡലുകളുണ്ടായിരുന്നത് ഉപഭോക്താക്കള്‍ക്ക് ആവേശമേകി.

Leave a Reply

Your email address will not be published. Required fields are marked *