പല സംസ്‌കാരമാണു നല്ലതെന്നു പറയുമ്പോഴും ഓസ്‌ട്രേലിയക്കാര്‍ കുടിയേറ്റം ഇതിലും കൂടുന്നതിനോടു യോജിക്കുന്നില്ല

സിഡ്‌നി: പല സംസ്‌കാരങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ വന്നു ചേരുന്നതു നല്ലതാണെന്നു പുറമെ പറയുമ്പോള്‍ പോലും ഓസ്‌ട്രേലിയക്കാര്‍ കുടിയേറ്റം വര്‍ധിക്കുന്നതിനോടു മനസുകൊണ്ട് താല്‍പര്യമില്ലാത്തവരാണെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനം വ്യക്തമാക്കുന്നു. സ്‌കാനിയോണ്‍ ഫൗണ്ടേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ബ്യൂറോ ഈ പഠനം നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിക്കപ്പെട്ടു. കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നു എന്ന കഴിഞ്ഞ വര്‍ഷം പറഞ്ഞത് 71 ശതമാനം ആള്‍ക്കാരാണ്. എന്നാല്‍ തൊട്ടുമുമ്പത്തെ വര്‍ഷം ഇങ്ങനെ അഭിപ്രായപ്പെട്ടവരുടെ എണ്ണം 78 ശതമാനമായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ട് ഏഴു ശതമാനം ആള്‍ക്കാര്‍ തങ്ങളുടെ നിലപാട് തിരുത്തിയെന്നര്‍ഥം.
ഓസ്‌ട്രേലിയന്‍ പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ബോബ് ബിരലിന്റെ കുടിയേറ്റത്തിന്റെ തോത് കൂടിപ്പോകുന്നു എന്ന അഭിപ്രായം പുലര്‍ത്തുന്നവരാണ്. ആദ്യകാലത്ത് കുടിയേറിയവര്‍ ഉള്‍പ്പെടെയാണ് ഇങ്ങനെയൊരു കാഴ്ചപ്പാട് സൂക്ഷിക്കുന്നത് എന്ന കാര്യം അതിശയകരമാണെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് കുടിയേറ്റത്തിനെതിരേ നല്ലൊരു പങ്ക് ആള്‍ക്കാരും ചിന്തിക്കുന്നു എന്ന ചോദ്യത്തിന് ബോബ് ബിരലിന് ഒരേയൊരു അഭിപ്രായം മാത്രം. ഭവനമേഖലയിലെ ക്ഷാമം, അതുമാത്രമാണ് ആള്‍ക്കാര്‍ ഇങ്ങനെ ചിന്തിക്കുന്നതിനുള്ള കാരണം. ജനസംഖ്യ കൂടുന്നതനുസരിച്ച് കൂടുതല്‍ വീടുകള്‍ ആവശ്യമായി വരുന്നു. എന്നാല്‍ കുടുതല്‍ വീടുകള്‍ ലഭ്യമാകുന്നുമില്ല. അതിനാല്‍ വീട് വളരെ വിലകൂടിയ കാര്യമായി മാറുകയാണ്. ഇതാണ് ആളുകള്‍ കുടിയേറ്റത്തെ എതിര്‍ക്കുന്നതിനുള്ള കാരണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കുടിയേറ്റത്തിന്റെ തോത് കൂടുന്നുവോ എന്ന് ടാപ്രി അതിന്റെ സര്‍വേയില്‍ ചോദിച്ചപ്പോള്‍ 67 ശതമാനത്തിനും പറയാനുള്ളത് കൂടുന്നു എന്നു തന്നെയാണ്. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഇതേ ചോദ്യം ചോദിച്ചപ്പോള്‍ 53 ശതമാനമാണ് അതിനോടു യോജിച്ചത്.