സിഡ്‌നി: കുടിയേറ്റ വിരുദ്ധ റാലിയെയോ കുടിയേറ്റവിരുദ്ധ ആശയങ്ങളെയോ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അംഗീകരിക്കില്ലെന്ന് സീനിയര്‍ മന്ത്രി മുറൈ വാട്ട് വ്യക്തമാക്കി. ‘വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വിതയ്ക്കുന്ന ഇത്തരം റാലികളെയും ജനവിഭാഗങ്ങളെ വിഭജിക്കുന്ന പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല’ മുറൈ വാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി.
വിദ്വേഷ പ്രചാരണത്തിന് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെല്ലാം പിന്നിലുള്ളത് നവ നാസി വിഭാഗങ്ങളാണെന്ന് ടെലിവിഷന്‍ ചാനലായ സ്‌കൈ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

ഈ ഞായറാഴ്ചയിലേക്കായി പ്ലാന്‍ ചെയ്തിരിക്കുന്ന കുടിയേറ്റ വിരുദ്ധ റാലികള്‍ക്കെതിരായ നിലപാടാണ് തന്റെ സര്‍ക്കാരിനെന്ന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വെളിപ്പെടുത്തിയിരുന്നതാണ്. ഏതു പൈതൃകത്തില്‍ നിന്നാണ് എത്തിച്ചേരുന്നതെങ്കിലും എല്ലാ ഓസ്‌ട്രേിലിയക്കാര്‍ക്കും ഈ രാജ്യത്ത് സ്വാഗതമുണ്ടെന്നും അവര്‍ക്ക് സുരക്ഷിത ബോധം ഉറപ്പുവരുത്തുമെന്നും തന്റെ ദിവസങ്ങള്‍ക്കു മുമ്പുള്ള പത്രക്കുറിപ്പില്‍ അല്‍ബനീസി വ്യക്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ പരസ്പര ഐക്യത്തെ തകര്‍ക്കാനും വിഭജിക്കാനും ശ്രമിക്കുന്നവര്‍ക്കാര്‍ക്കും ഈ രാജ്യത്ത് സ്ഥാനമുണ്ടായിരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ടോണി ബര്‍ക്കും അഭിപ്രായപ്പെട്ടു.