ജനം സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി, സമ്പദ് ഘടന ഉറക്കം വിട്ടുണരാനും തുടങ്ങി

സിഡ്‌നി: ജൂണില്‍ അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഓസ്‌ട്രേലിയക്കാര്‍ നന്നായി പണം ചെലവഴിച്ചതിന്റെ ഫലം വിപണിയില്‍ പ്രകടമായിത്തുടങ്ങി. ഈ വര്‍ഷമാദ്യത്തോടെ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചതാണ് കൂടുതല്‍ ചെലവഴിക്കുന്ന സ്വഭാവത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഇതിന്റെ മെച്ചം വളരെ വേഗം സമ്പദ് വ്യവസ്ഥയില്‍ പ്രകടമായതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിലെ വിദഗ്ധരുടെ കണക്കുകള്‍ പ്രകാരം ജിഡിപിയില്‍ ഇക്കാലയളവില്‍ 0.6 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും വളര്‍ച്ച മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ രേഖപ്പെടുത്തുന്നത്.
ബ്യൂറോയുടെ വിശകലനമനുസരിച്ച് നിത്യോപയോഗ സാധനങ്ങളാണ് ജനങ്ങള്‍ ഉദാരമായി വാങ്ങിക്കൂട്ടാന്‍ ആരംഭിച്ചത്. ഇതിന്റെ മെച്ചം നേരിട്ട് സമ്പദ്ഘടനയില്‍ അതിന്റെ ഫലങ്ങള്‍ ദൃശ്യമാകും എന്നതാണ്. കുറേ നാളായി തുടരുന്ന സാമ്പത്തിക നിശ്ചലാവസ്ഥയ്ക്ക് പെട്ടെന്ന് വിരാമം കുറിക്കുന്നതിന്റെ ലക്ഷണങ്ങളാണിതു കാണിക്കുന്നത്. ഇക്കാലയളവില്‍ വീടുകളിലേക്കാവശ്യമായ വസ്തുക്കളുടെ വാങ്ങലിലുണ്ടായ വളര്‍ച്ച 0.9 ശതമാനത്തിന്റെയാണ്. അതിന്റെ ഫലം നേരിട്ട് സമ്പദ് വ്യവസ്ഥയില്‍ കണ്ടതുകൊണ്ടാണ് ജിഡിപി നിന്ന നില്‍പില്‍ മൂന്നു മാസം കൊണ്ട് 0.6 ശതമാനം വളര്‍ന്നത്.
ഇക്കാലയളവില്‍ കയറ്റുമതിയിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദ്യാഭ്യാസ, ടൂറിസം മേഖലകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ ഘടകങ്ങളും ജിഡിപിയുടെ വളര്‍ച്ചയെ സഹായിച്ചതായി വിലയിരുത്തപ്പെടുന്നു.