മൂവായിരം കിലോമീറ്റര്‍, നാലുലക്ഷം ഹെക്ടര്‍, ഓസ്‌ട്രേലിയ കമ്പനി ഇന്ത്യന്‍ മണ്ണില്‍ ചെയ്തത്

മെല്‍ബണ്‍: ഓരോ തുള്ളി വെള്ളവും ചെടികളുടെ ചുവട്ടില്‍ വീഴുമ്പോള്‍ 3000 കിലോമീറ്റര്‍ ദൂരത്തിലുള്ള കര്‍ണാടക കര്‍ഷകര്‍ നന്ദിപറയുന്നത് ഓസ്‌ട്രേലിയയ്ക്ക്. അത്രമാത്രം വ്യത്യാസമാണ് ഈ വെള്ളം അവരുടെ കൃഷിയിലും ജീവിതത്തിലും എത്തിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ-ഇന്ത്യ സംയുക്ത സംരംഭത്തിലൂടെ അവരുടെ കൃഷിയില്‍ നിന്നുള്ള ഉല്‍പാദനം 30 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.
മെല്‍ബണ്‍ ആസ്ഥാനമായി ജലസേചന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റൂബികോണ്‍ വാട്ടര്‍ എന്ന കമ്പനിയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേധ സെര്‍വോ ഡ്രൈവ്‌സ് എന്ന ഇന്ത്യന്‍ കമ്പനിയും സംയുക്തമായി ഏറ്റെടുത്ത പദ്ധതിയുടെ പ്രവര്‍ത്തന വിജയമാണ് കാര്‍ഷിക മേഖലയില്‍ വന്നിരിക്കുന്ന ഈ മാറ്റം. കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലുമായുള്ള നാരായണ്‍പൂര്‍ ലെഫ്റ്റ് ബാങ്ക് കനാല്‍ എന്ന ജലസേചന പദ്ധതിയുടെ നവീകരണമായിരുന്നു സംയുക്ത സംരംഭത്തിലൂടെ പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കനാലില്‍ സൗരോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന 4200 ഓട്ടോമാറ്റിക് ഗേറ്റുകളാണ് സ്ഥാപിച്ചത്. ഇവയെയെല്ലാം ബന്ധിപ്പിക്കുന്ന അതിനൂതന കണ്‍ട്രോള്‍ സംവിധാനവും കൊണ്ടുവന്നു. നാലു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനത്തിനുള്ള വെള്ളമെത്തിക്കുന്ന അതിബൃഹുത്തായ പദ്ധതിയാണിത്.
കൃഷിവിളകള്‍ക്ക് എപ്പോഴാണോ വെള്ളം ആവശ്യമായി വരുന്നത് അപ്പോള്‍ വാട്ടര്‍ ഗേറ്റുകള്‍ സ്വയം തുറന്നുകിട്ടും. ആരും ഓരോ ഗേറ്റിലും പോയി നോക്കുക പോലും വേണ്ട. എന്നു മാത്രമല്ല ഇതിന്റെ മുഴുവന്‍ നിയന്ത്രണം സെന്‍ട്രല്‍ കണ്ടട്രോള്‍ യൂണിറ്റിലാണ്. കനാലിന്റെ മൊത്തം നീളം മൂവായിരം കിലോമീറ്റര്‍. അശേഷം വെള്ളം പാഴായിപോകാതെ മുഴുവന്‍ ചെടികളുടെ ചുവട്ടില്‍ മാത്രം എത്തുന്നു. വെള്ളം പാഴായി പോകാതിരിക്കുമ്പോള്‍ വളം ഒഴുകി നഷ്ടമാകുന്നതും അവസാനിക്കുന്നു. ഇങ്ങനെയാണ് വിളകളില്‍ നിന്നുള്ള ഉല്‍പാദനം കൂടുന്നത്. ഈ പദ്ധതിക്ക് വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്നോവേഷന്‍ അവാര്‍ഡും ലഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *