കാന്‍ബറ: മദ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനായി മദ്യത്തിന്റെ ഹോം ഡെലിവറിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിറ്ററി (എസിടി) നിയമ നിര്‍മാണത്തിനൊരുങ്ങുന്നു. ഇതിനുള്ള ബില്‍ ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ടു. ലിക്വര്‍ അമന്‍ഡ്‌മെന്റ് ബില്‍ എന്ന പേരിലാണിത് ഇന്ന് അസംബ്ലിയിലെത്തിയിരിക്കുന്നത്. ഈ ബില്‍ പാസാകുന്നതോടെ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെ മാത്രമേ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കൂ. ഒരു തവണ എത്ര അളവ് മദ്യത്തിന് ഓര്‍ഡര്‍ ചെയ്യാനാവും എന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ്. ഓര്‍ഡര്‍ പ്ലേസ് ചെയ്ത് രണ്ടു മണിക്കൂര്‍ സമയം സേഫ്റ്റി പോസ് എന്ന പേരില്‍ വിളിക്കപ്പെടും. അതിനു ശേഷം മാത്രമായിരിക്കും ഡോര്‍ ഡെലിവറിക്ക് മദ്യം കൊടുത്തയയ്ക്കൂ.
എത്ര മദ്യം വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാമെന്നതും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത മദ്യം വീട്ടിലെത്തുമെന്നതും ഏതു സമയത്തും ഓര്‍ഡര്‍ പ്ലേസ് ചെയ്യാമെന്നതും വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ അനിയന്ത്രിതമായി കുടിച്ചുകൊണ്ടേയിരിക്കാവുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് എസിടി അറ്റോര്‍ണി ജനറല്‍ ടാര ചെയ്‌നി അസംബ്ലിയില്‍ പറഞ്ഞു. മൂക്കറ്റം കുടിക്കുന്നതിന് ഇങ്ങനെ സൗകര്യം ലഭിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. ഗാര്‍ഹിക പീഡനങ്ങളില്‍ പ്രധാനമായും പ്രതിസ്ഥാനത്തുള്ളത് അമിതമായ മദ്യപാനമാണ്. ഉത്തരവാദ മദ്യപാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ടാര ചെയ്‌നി വ്യക്തമാക്കി.
പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യത്തിന് ഓര്‍ഡര്‍ പ്ലേസ് ചെയ്യുന്നതിനും സ്‌കൂളുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റോപ്പുകള്‍ തുടങ്ങിയ നിരോധിത സ്ഥലങ്ങളില്‍ മദ്യം എത്തിക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും.

