അഡലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയിലും വിജയം ഓസ്ട്രേലിയയ്ക്ക്. ആകെ മൂന്നു മാച്ചുകളുള്ള പരമ്പരയില്‍ ഇതോടെ ആദ്യ രണ്ടു വിജയവും ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ പരാജയത്തെക്കാള്‍ മാന്യമായ സ്കോര്‍ നേടിയുള്ള തോല്‍വിയെന്ന് ഇന്ത്യയ്ക്ക് ഇക്കുറി ആശ്വസിക്കുകയെങ്കിലും ചെയ്യാം. ആദ്യ വിജയം അനായാസമായിരുന്നെങ്കില് ഇത്തവണ വിജയം തേടി ബാറ്റ് വീശുന്നതിനിടെ എട്ടു വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.
കൂപ്പര്‍ കൊണോളിയുടെ അര്‍ധ സെഞ്ചുറിയാണ് ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. ഒരു ഘട്ടത്തില്‍ തകര്‍ച്ച നേരിടുകയായിരുന്ന ആതിഥേയരെ കൊണോളി രക്ഷപെടുത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 46.2 ഓവറില്‍ 265 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ വിജയതം ഏഴു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.
ഇന്ത്യയുടെ ഏകദിന ടീമിന്റെയും നായക പദവി ഏറ്റെടുത്തതിനു ശേഷമുള്ള ശുഭ്മാന്‍ ഗില്ലിന്റെ ആദ്യ പരമ്പരയാണിത്. മാത്യു ഷോര്‍ട്ടിന്റെയും കൂപ്പര്‍ കൊണോളിയുടെയും അര്‍ധ സെഞ്ചുറികള്‍ ഓസീസിന്റെ വിജയം ഉറപ്പാക്കി. മാത്യ ഷോര്‍ട്ട് 78 പന്തില്‍ രണ്ടു സിക്സും നാലു ഫോറുമടക്കം 74 റണ്‍സെടുത്ത് ഓസീസിന്റെ ടോപ്പ് സ്കോററായി. കൊണോളി 53 പന്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ രോഹിത് ശര്‍മയുടെയും (73 റണ്‍സ്) ശ്രേയസ് അയ്യരുടെയും (61 റണ്‍സ്) ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് പതിനേഴു റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇനി ഒരു കളി കൂടിയാണ് ഈ പരമ്പരയിലുള്ളത്. നാളെ സിഡ്നിയിലാണ് അവസാന മാച്ച് നടക്കുക.

