ഇന്ത്യന്‍ വൈന്‍ മേളയില്‍ മിന്നിത്തിളങ്ങിയത് ഓസ്‌ട്രേലിയന്‍ ലഹരികള്‍, അവാര്‍ഡുകളേറെ

സിഡ്‌നി: വൈനുകള്‍ക്കും മദ്യത്തിനുമുള്ള ഇന്ത്യന്‍ വ്യവസായ ലോകത്തിന്റെ പ്രശസ്തമായ അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓസ്‌ട്രേലിയന്‍ ലഹരികള്‍. ആല്‍ക്കോ-ബിവ് മേഖലയില്‍ ഇന്ത്യയിലെ മദ്യവ്യവസായ ലോകം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യ വൈന്‍സ് ആന്‍ഡ് സ്പിരിറ്റ്‌സ് അവാര്‍ഡ് ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ഒന്നാണ്. ഈ പുരസ്‌കാരങ്ങളുടെ 2025 എഡിഷനില്‍ ഏറ്റവും തിളങ്ങിയത് ഓസ്‌ട്രേലിയന്‍ വൈനുകളും ലഹരി പാനീയങ്ങളും.

ഓസ്‌ട്രേലിയയിലെ അതിപ്രശസ്ത മദ്യ നിര്‍മാണ മേഖലകളായ ബറോസ വാലി, ലാങ്‌ഹോണ്‍ ക്രീക്ക്, റിവറിന എന്നിവയൊക്കെ സ്വന്തം നിലയില്‍ ഏറ്റവും മികച്ച അവാര്‍ഡുകള്‍ തന്നെയാണ് കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച പതിനേഴ് ജഡ്ജിമാരാണ് ആല്‍ക്കോ ബിവ് ബ്ലൈന്‍ഡ് ടേസ്റ്റിങ്ങിലൂടെ അവാര്‍ഡ് ജേതാക്കളെ കണ്ടെത്താനെത്തിയിരുന്നത്. ആകെ നാനൂറിലധികം ഇനം വൈനുകളും മദ്യങ്ങളുമാണ് മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തിയത്. ഇന്ത്യയിലെ വീഞ്ഞ് വ്യവസായത്തിന്റെ ആചാര്യനെന്നു വിളിക്കുന്ന സോനാല്‍ സി ഹോളണ്ടാണ് ഈ അവാര്‍ഡ് പരമ്പരയ്ക്കു തുടക്കമിടുന്നത്. ബെര്‍ട്ടന്‍ വൈന്‍യാര്‍ഡ്‌സ് മികച്ച വൈറ്റ് വൈനിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ബുഷ് ബല്ലാഡിനു ലഭിച്ചത് റെഡ് വൈനുകളിലെ മികവിന്റെ പുരസ്‌കാരം. മെറ്റലാ വൈന്‍സ്, കാബര്‍നെറ്റ് സൗവിഞ്‌ജോന്‍, ലാങ്‌ഹോണ്‍ ക്രീക്ക്, കില്ലിന്‍ബിന്‍ തുടങ്ങിയ പ്രമുഖ വൈനറികളെല്ലാം ഓരോ വിഭാഗത്തില്‍ സമ്മാനിതരായി.

മുംബൈയിലെ പ്രശസ്തമായ ടാജ് ലാന്‍ഡ്‌സ് എന്‍ഡിലായിരുന്നു മത്സരവും സമ്മാനദാനവും നടന്നത്. വൈന്‍, സേക്ക്, മീഡ്, വിസ്‌കി, വോഡ്ക, റം, ജിന്‍, അഗേവ് സ്പിരിറ്റ്‌സ്, സോജു, ലിക്വറുകള്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. ഇതില്‍ വൈനുകളുടെ വിഭാഗത്തിലാണ് ഓസ്‌ട്രേലിയ മിന്നിത്തിളങ്ങിയത്.