സൂപ്പര്‍ ആന്വേഷന്‍ നികുതിയില്‍ ഇളവിനു നീക്കം, ഒരു കോടി ഡോളറിനു മുകളില്‍ 40% നികുതി

ജീവനക്കാരുടെ സൂപ്പര്‍ ആന്വേഷന്‍ തുകകളില്‍ നികുതി ചുമത്താനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചന നല്‍കി ട്രഷറര്‍ ജിം ചാല്‍മേഴ്‌സ്. മുപ്പതു ലക്ഷം ഡോളറിലധികം സൂപ്പര്‍ ആന്വേഷന്‍ തുകയായി കൈപ്പറ്റുന്നവരില്‍ നിന്നു കൂടിയ നികുതി ഈടാക്കുന്നതിനായിരുന്നു ലേബര്‍ ഗവണ്‍മെന്റിന്റെ തീരുമാനം. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇന്നു ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചതായി ചാല്‍മേഴ്‌സ് വെളിപ്പെടുത്തി. മുപ്പതു ലക്ഷത്തിലധികം തുക ലഭിക്കുന്നവരില്‍ നിന്ന് മുപ്പതു ശതമാനം നിരക്കില്‍ നികുതി ഇടാക്കുന്നതിനായിരുന്നു തീരുമാനം. ഇതിനു പകരം ഒരു കോടി ഡോളര്‍ വരുമാനത്തിന്റെ പുതിയൊരു ബ്രാക്കറ്റ് കൂടി നടപ്പാക്കുകയും അവരില്‍ നിന്നു 40 ശതമാനം നിരക്കില്‍ നികുതി ഈടാക്കുകയും ചെയ്യും. ഇതോടെ ഇപ്പോള്‍ മുപ്പതുലക്ഷത്തിന്റെ ബ്രാക്കറ്റില്‍ വരുന്നതിലെ നല്ലൊരു പങ്കും അധിക നികുതിയുടെ ബാധ്യതയില്‍ നിന്നു പുറത്താകും. നാല്‍പതു ശതമാനം നികുതി നല്‍കേണ്ടി വരുന്നത് വെറും എണ്ണായിരം ആള്‍ക്കാര്‍ക്കു മാത്രമായി ചുരുങ്ങുകയും ചെയ്യും. പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതിനു വേണ്ടിയാണ് ഇങ്ങനെയുള്ള മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് ടോണി ബുര്‍ക്ക് അറിയിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധിക കാലം കൊണ്ട് വിവിധ വിഭാഗങ്ങളില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ വെളിച്ചത്തിലാണ് നടപടി പുനപരിശോധിക്കുന്നത്.