ഒരു വര്‍ഷത്തിനിടയിലെ അതിശക്ത ഭൂചലനം, ജനങ്ങള്‍ പരിഭ്രാന്തിയില്‍

സിഡ്‌നി: നാട്ടിലെങ്ങും നടുക്കവും ജനങ്ങളില്‍ പേടിയും വളര്‍ത്തി ഓസ്‌ട്രേലിയയില്‍ ഇന്നലെ ഭൂമികുലുക്കങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം സംഭവിച്ചത് ക്വീന്‍സ്‌ലാന്‍ഡിലെ കില്‍കിവാന്‍ മേഖലയിലാണെങ്കിലും അതിന്റെ വിറയല്‍ വടക്ക് ലിസ്‌മോര്‍ മുതല്‍ വടക്കന്‍ ന്യൂ സൗത്ത് വെയില്‍സ് വരെയെത്തി. ഇത്രയും പ്രദേശത്തെ വീടുകള്‍ കുലുങ്ങിയെന്ന് വ്യക്തമായിട്ടുണ്ട്. എവിടെയും ആളുകള്‍ക്കോ വസ്തുവകകള്‍ക്കോ അപായമുണ്ടായതായി അറിഞ്ഞിട്ടില്ല. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി തടസം മാറ്റാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ താഴെയായിരുന്നു കുലുക്കമുണ്ടായതെന്ന് ജിയോസയന്‍സ് ഓസ്‌ട്രേലിയ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ 9.50നായിരുന്നു സംഭവം. ഇതിനു തൊട്ടു പിന്നാലെ ജിയോസയന്‍സിലേക്ക് കുലുക്കത്തിന്റെ വിവരവുമായി സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ബ്രിസ്‌ബേന്‍, മോര്‍ടന്‍ ബേ, സണ്‍ഷൈന്‍ കോസ്റ്റ്, ടൂവൂംബാ, ഹെര്‍വി ബേ, ഗോള്‍ഡ് കോസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം ജനങ്ങള്‍ പരിഭ്രാന്തരായി. ബ്രിസ്‌ബേനില്‍ നിന്നു കുലുക്കത്തിന്റെ ആധിയുമായി ആയിരത്തിലധികം സന്ദേശമാണ് പോയത്. ഒരു വര്‍ഷത്തിനിടയില്‍ ബ്രിസ്‌ബേനിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിതെന്നു പറയപ്പെടുന്നു.