ക്വീന്സ്ലാന്ഡ്: വംശീയ തീവ്രവാദ ഗ്രൂപ്പുകള്‍ അടുത്ത ഞായറാഴ്ച മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ കുടിയേറ്റ വിരുദ്ധ റാലികള്‍ പ്രഖ്യാപിച്ചിരിക്കേ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ഉറച്ച പിന്തുണയുമായി ലിബറല്‍ നാഷണല്‍ പാര്‍ട്ടി സെനറ്റര്‍ പോള്‍ സ്കാര്‍. റാലി നടത്താനുള്ള നീക്കത്തെ അങ്ങേയറ്റം കടുത്ത ഭാഷയില്‍ തന്റെ സെനറ്റ് പ്രസംഗത്തില്‍ പോള്‍ സ്കാര്‍ അപലപിച്ചു. ഇമിഗ്രേഷനും മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്സിനുമായുള്ള നിഴല്‍ മന്ത്രി കൂടിയാണ് പോള്‍. റാലിയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തിറങ്ങിയ ലഘുലേഖ വെറുക്കപ്പെടേണ്ടതും ദു്ഷ്ടലാക്കോടു കൂടിയതുമാണെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യന്‍ വംശജരായ എല്ലാ ഓസ്ട്രേലിയക്കാരോടുമായി പോള്‍ സ്കാര്‍ പറഞ്ഞത് ‘നിങ്ങളുടെ സമൂഹം ഓസ്ട്രേലിയയ്ക്കുള്ള അനുഗ്രഹമാണ്. നിങ്ങള്‍ കൂടി ചേരുന്നതാണ് ഓസ്ട്രേലിയ. ഈ നാട്ടില്‍ നിരവധി അത്ഭുതാവഹമായ കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത് നിങ്ങളുടെ കൂടെ സംഭാവന കൊണ്ടാണെന്നു ഞാന്‍ വ്യക്തമാക്കുന്നു.’ മെല്‍ബണിലെ ഹിന്ദു ക്ഷേത്രങ്ങള്‍ വംശീയവാദികള്‍ ചിത്രങ്ങള്‍ വരച്ചു വികൃതമാക്കിയതിനെ തുടര്‍ന്ന് താന്‍ അവിടെ സന്ദര്‍ശനം നടത്തിയ കാര്യം പോള്‍ സ്കാര്‍ സവിശേഷമായി എടുത്തു പറയുകയും ചെയ്തു. ഇരുളിനെതിരേ വെളിച്ചം വിജയം നേടുക തന്നെ ചെയ്യും, തിന്മയ്ക്കെതിരേ നന്മ വിജയിക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ചുകൊണ്ടണ് സ്കാര്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്.
മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ കുടിയേറ്റ വിരുദ്ധ റാലിക്കെതിരേ കടുത്ത നിലപാടുമായി പോള്‍ സ്കാര്‍
