സിഡ്‌നി: രാജ്യത്തിനു പുറത്ത് പാര്‍ട്ടിയും ആഘോഷങ്ങളും നടത്തേണ്ടതും പങ്കെടുക്കേണ്ടതും എങ്ങനെയെന്ന് ചെറുപ്പക്കാരെ പഠിപ്പിക്കാന്‍ ആല്‍ബനീസി ഗവണ്‍മെന്റ് ഓണ്‍ലൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഈ ഓണ്‍ലൈന്‍ സഹായങ്ങള്‍ ലഭ്യമാകുന്നതിനായി ഒരു ഓണ്‍ലൈന്‍ ഹബ് തന്നെ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഓസ്‌ട്രേലിയന്‍ ചെറുപ്പക്കാരായ ബിയാന്‍ക ജോണ്‍സ്, ഹോളി ബൗള്‍സ് എന്നിവര്‍ വിദേശത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ മെത്തനോള്‍ ഉള്ളില്‍ ചെന്നു മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. വിദേശകാര്യ മന്ത്രി പെന്നി വോങ്ങും വിദേശകാര്യ ഉപ മന്ത്രി മാറ്റ് തിസില്‍വൈറ്റും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഓണ്‍ലൈന്‍ ഹബ്ബ് ആരംഭിച്ച വിവരം അറിയിച്ചത്.
ചെറുപ്പക്കാരായ ഓസ്‌ട്രേലിയക്കാര്‍ ആത്മവിശ്വാസത്തോടെ ലോകത്തെ കണ്ടെത്താന്‍ പുറത്തിറങ്ങണമെന്നും എന്നാല്‍ സുരക്ഷിതരായി സ്വദേശത്ത് തിരിച്ചെത്താനുള്ള അറിവും വിഭവങ്ങളും ആര്‍ജിക്കുകയും വേണമെന്ന താല്‍പര്യത്തിലാണ് ഹബ് ആരംഭിക്കുന്നതെന്ന് പെന്നി വോങ് പറഞ്ഞു.
സ്മാര്‍ട്ട് ട്രാവലര്‍ വെബ്‌സൈറ്റിലാണ് പാര്‍ട്ടിയിങ് സേഫ്‌ലി എന്ന ഹബ് ആരംഭിച്ചിരിക്കുന്നത്. ഇതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സ്‌കൂളുകള്‍ക്കുമൊക്കെ വിഭാഗങ്ങളുണ്ട്. ഓരോ കൂട്ടര്‍ക്കും ആവശ്യമായ പ്രായോഗിക വിജ്ഞാനം പകരുന്നതിനാണ് ഹബ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മദ്യത്തിന്റെ സുരക്ഷിതത്വം, മെത്തനോള്‍ വിഷബാധ, അമിതമദ്യപാനത്തിന്റെ പ്രശ്‌നങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, യാത്രാ ഇന്‍ഷുറന്‍സ് എന്നീ വിഷയങ്ങളിലുള്ള വിവരങ്ങള്‍ വിശദമായി അടങ്ങിയിരിക്കുന്നു. ഇവയോരോന്നും സംബന്ധിച്ച പോസ്റ്ററുകള്‍, ഫാക്ട് ഷീറ്റുകള്‍, വീഡിയോകള്‍ എന്നിവയൊക്കെ കൃത്യമായ ധാരണ പകരുന്നവയാണ്. ഫ്രോഗ്‌സ്, ചോയ്‌സ്, മെഡിസിന്‍സ് വിതൗട്ട് ഫ്രോണ്ടിയേഴ്‌സ് എന്നീ ഏജന്‍സികളുടെ സഹായത്തോടെയാണ് വീഡിയോകളും മറ്റും നിര്‍മിച്ചിരിക്കുന്നത്.
വിദേശത്തു പാര്‍ട്ടികളും അര്‍മാദവുമാകുമ്പോള്‍ ചെറുപ്പക്കാര്‍ അറിയേണ്ട കാര്യങ്ങള്‍ക്ക് ഹബ്
