പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരേ പെര്‍ത്തില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് ഓസീസ്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം നാല് ഓവറും അഞ്ചു പന്തും ബാക്കി നില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 52 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
കനത്ത മഴ മൂലം ഇടയ്ക്ക് മത്സരം നിര്‍ത്തി വച്ചിരുന്നു. പിന്നീട് 26 ഓവറായി വെട്ടിച്ചുരുക്കിയാണ് കളി പുനരാരംഭിച്ചത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 136 റണ്‍സായിരുന്നു എടുത്തിരുന്നത്. മഴനിയമ പ്രകാരം ഓസീസിന്റെ വിജയലക്ഷ്യം 131 റണ്‍സ് ആക്കി കുറവു ചെയ്തിരുന്നു. ആദ്യ ഏകദിനത്തിലെ വിജയത്തോടെ പമ്പരയില്‍ 1-0 ന് ഓസ്‌ട്രേലിയ മുന്നിലെത്തിയിരിക്കുകയാണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ പ്രകടനത്തിനു മുന്നില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ മുട്ടുകുത്തുകയായിരുന്നു. മൂന്നു സിക്‌സും രണ്ടു ഫോറുമായി മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയയെ വിജയപാതയിലെത്തിച്ചു. വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പ് (37), ഓപ്പണറായി ഇറങ്ങിയ മാറ്റ് റെന്‍ഷോ (21) എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

