ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയക്കാര്‍ക്കായി തിരിച്ചു പിടിക്കാന്‍ റാലി വരുന്നൂ ഓഗസ്റ്റ് 31ന്

സിഡ്‌നി: മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ മൂവ്‌മെന്റ് ഓസ്‌ട്രേലിയയില്‍ ശക്തി പ്രാപിക്കുന്നു. രാജ്യത്ത് എല്ലാ കേന്ദ്രങ്ങളിലും അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 31) കുടിയേറ്റ വിരുദ്ധ റാലികള്‍ സംഘടിപ്പിക്കുകയാണ് മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ. വിവിധ കടുത്ത വലതു പക്ഷ ചിന്താഗതി വച്ചുപുലര്‍ത്തുന്ന സംഘടനകള്‍ ഇതിനോടു സഹകരിക്കുന്നുണ്ട്. ഓസ്‌ട്രേലി ഫസ്റ്റ് ഇതില്‍ ഏറ്റവും ശക്തമായ സംഘടനയാണ്.
നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കുക (ടേക്ക് അവര്‍ കണ്‍ട്രി ബാക്ക്) എന്നതാണ് ഈ റാലികളുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ. കുടിയേറ്റക്കാരില്‍ നിന്നും യഥാര്‍ഥ ഓസ്‌ട്രേലിയക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രാധാന്യം നല്‍കണം എന്ന അര്‍ഥത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയിരിക്കുന്നത്. മെല്‍ബണ്‍, സിഡ്‌നി, കാന്‍ബറ ഉള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും റാലിക്കായി വലിയ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
റാലിയുടെ പേരില്‍ കുടിയേറ്റക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും പോലീസ് എല്ലാ സ്ഥലത്തും അതീവ ജാഗ്രതിയിലാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എല്ലാ നഗരങ്ങളും എല്ലാ പ്രധാന കേന്ദ്രങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നു അവര്‍ ഉറപ്പു തരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഇടമില്ലെന്നാണ് ഫെഡറല്‍ മന്ത്രി ടോണി ബര്‍ക്ക് പറയുന്നത്. ഈ റാലിക്കു ബദലായി റാലി സംഘടിപ്പിക്കാന്‍ ഇടതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്.