ന്യൂഡല്‍ഹി: വിശ്വാസമോ പൈതൃകമോ പരിഗണിക്കാതെ എല്ലാവര്‍ക്കും സുരക്ഷിതത്വം അനുഭവിക്കാന്‍ അവകാശമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ബഹുസ്വര കാര്യ വകുപ്പു മന്ത്രി ആനി അലി. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായിരുന്നു അവര്‍. ഓസ്‌ട്രേലിയയിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ നാട്ടിലെ സാഹചര്യങ്ങളും മറ്റു വിവരങ്ങളും സംബന്ധിച്ച് ആനി അലി കേന്ദ്രമന്ത്രിയായ കിരണ്‍ റിജിജിവുമായി ആശയവിനിമയം നടത്തി.
നമ്മുടെ വിശാലമായ ബഹുസ്വര സമൂഹത്തിന്റെ ഭാഗമായ ഇന്ത്യന്‍ ഓസ്‌ട്രേലിയക്കാരെ അന്നാട്ടുകാര്‍ വിലമതിക്കുന്നെന്നും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്്ക്കും കൂട്ടായി നേടാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ബിര്‍ള ക്ഷേത്രത്തിലും ബംഗ്ലാസാഹിബ് ഗുരുദ്വാരിയിലും ആനി അലി ദര്‍ശനം നടത്തുകയും ചെയ്തു.
ഈജിപ്തില്‍ ജനിച്ച് രണ്ടു വയസുള്ളപ്പോള്‍ സിഡ്‌നിയിലേക്കു താമസം മാറിയതാണ് ആനി അസ അലി. സര്‍വകലാശാല അധ്യാപികയും തീവ്രവാദ വിരുദ്ധ പഠനങ്ങള്‍ നടത്തിയിരിക്കുന്ന വ്യക്തിയുമാണ്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയും ആദ്യത്തെ മുസ്ലിം കാബിനറ്റ് മന്ത്രിയുമാണിവര്‍. അന്തണി ആല്‍ബനീസി സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച വകുപ്പാണ് ബഹുസ്വരതയുടെ സംരക്ഷണത്തിനുള്ളത്.

