ഒട്ടാവ: പഞ്ചാബി ഗായകന്‍ തേജി കഹ്ലോന് നേരെ കാനഡയില്‍ വധശ്രമം. രോഹിത് ഗോദാരയുടെ നേതൃത്വത്തിലുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇതോടെ ഗോദാരയുടെ സംഘത്തിന്റെ രാജ്യാന്തര ക്രിമിനല്‍ ചരിത്രത്തില്‍ ഒരു അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. തങ്ങളുടെ എതിരാളികള്‍ക്ക് ആയുധവും പണവും എത്തിച്ചുകൊടുത്തതിനാണ് കഹ്ലാനെ ഉന്നം വയ്‌ക്കേണ്ടി വന്നതെന്ന് ഗോദാരയുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന മഹേന്ദര്‍ ശരണ്‍ ദിലാന, രാഹുല്‍ റിനൗ, വിക്കി പഹല്‍വാന്‍ എന്നിവര്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചു.
തേജിയുടെ വയറിനാണ് വെടിയേറ്റത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവയ്പിനു കാരണമായിരിക്കുന്നത്. ആയുധങ്ങളും പണവും എതിരാളികള്‍ക്കു കൊടുത്തതിനു പുറമെ ഒറ്റുകാരന്‍ കൂടിയാണ് തേജിയെന്നാണ് ആക്രമണകാരികളുടെ ആരോപണം. അടുത്തയിടെ രാജസ്ഥാനിലെ ജിംനേഷ്യത്തില്‍ ബിസിനസുകാരനായ രമേഷ് റൂലാനിയെ വെടിവച്ച് കൊലപ്പെടുത്തിയതും രോഹിതും സംഘവുമാണെന്നു കരുതപ്പെടുന്നു. പടിഞ്ഞാറന്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെങ്കിലും രാജ്യാന്തര ക്വട്ടേഷനുകളാണ് എടുക്കുന്നത്. രാജസ്ഥാനിലെ പല ബിസിനസ് ഇടപാടുകള്‍ക്കും ഇയാളുടെ ഭീഷണിയോ പിന്തുണയോ ഉണ്ടെന്നുള്ളതും പറയപ്പെടുന്ന കാര്യങ്ങളിലൊന്നാണ്.

