പാപപ്പൊറുതി ദിനത്തില്‍ മാഞ്ചസ്റ്ററില്‍ ജൂതര്‍ക്കു നേരേ ആക്രമണം, രണ്ടു മരണം

മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ ജൂത മതത്തിലെ പുണ്യദിനം നോക്കി ജൂതര്‍ക്കെതിരേ വാഹനാക്രമണവും കത്തിക്കുത്തും. കുത്തേറ്റു രണ്ടു പേര്‍ മരിക്കുകയും വണ്ടിക്കടിയില്‍ പെട്ട് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ മാഞ്ചസ്റ്റര്‍ പോലീസ് സംഭവസ്ഥലത്തു വച്ചു തന്നെ വെടിവച്ചു കൊന്നു. ജൂത വിശ്വാസമനുസരിച്ച് ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോം കിപ്പൂര്‍ ദിനത്തിലെ ആരാധനയ്ക്കു ശേഷം സിനഗോഗില്‍ നിന്നു പുറത്തേക്കിറങ്ങിയ ആള്‍ക്കാര്‍ക്കു മേല്‍ അക്രമി കാറോടിച്ചു കയറ്റുകയായിരുന്നു. അതിനു ശേഷം വാഹനത്തില്‍ നിന്നു പുറത്തിറങ്ങി കത്തിയൂരി മുന്നില്‍ കണ്ടവരെ കുത്തുകയും ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജൂതന്‍മാര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശം തന്നെയാണ് അക്രമി തിരഞ്ഞെടുത്തത്.
ജലപാനം പോലുമില്ലാതെ തുടര്‍ച്ചയായി 25 മണിക്കൂര്‍ ഉപവസിച്ചതിനു ശേഷമാണ് ജൂതന്‍മാര്‍ യോം കിപ്പൂര്‍ ദിനത്തിലെ ആരാധനയക്കു വരുന്നത്. ഒരു വര്‍ഷം മുഴുവന്‍ ചെയ്തു പോയ അപരാധങ്ങള്‍ക്കു യഹോവ മുമ്പാകെ മാപ്പപേക്ഷിച്ച് പാപപ്പൊറുതി നേടുന്ന ദിവസമാണിത്. യോം കിപ്പൂര്‍ എന്ന വാക്കിനര്‍ഥം തന്നെ പാപപ്പൊറുതി എന്നാണ്. ആരാധനയ്ക്കു ശേഷമാണ് നോമ്പെടുത്തവര്‍ നോമ്പു മുറിക്കുന്നതും. അതിനാല്‍ ഹീറ്റന്‍പാര്‍ക്കിലെ ഹീബ്രു ദേവാലയത്തില്‍ നിറയെ വിശ്വാസികളെത്തിയിരുന്നു.