അതുല്യയുടെ മരണം, സതീഷ് അറസ്റ്റില്‍, ജാമ്യത്തിലിറങ്ങി

തിരുനന്തപുരം: ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന് ഇടക്കാല ജാമ്യം ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ സതീഷ് അറസ്റ്റിലാകുകയായിരുന്നു. എന്നാല്‍ നാട്ടിലേക്കു വരുന്നതിനു മുമ്പു തന്നെ കൊല്ലം സെഷന്‍സ് കോടതിയില്‍ നിന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഈ ഉറപ്പിലാണ് സതീഷ് നാട്ടിലേക്കു വന്നതു തന്നെ. ഇതറിയാതെയാണ് വലിയതുറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്നു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അധികൃതര്‍ എത്തിയ ശേഷം മാത്രമേ സതീഷിനെ വിട്ടയക്കൂ.
സതീഷിനെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തില്‍ ഇന്നു അതിരാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്തെത്തുന്നത്. ക്രൈംബ്രാഞ്ച് തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയിരുന്നതിനാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വലിയതുറ പോലീസിനെ ഏല്‍പിക്കുകയുമായിരുന്നു. ജൂലൈ 19നാണ് അതുല്യയെ ഇവര്‍ കുടുംബസമേതം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ഗാര്‍ഹിക പീഢനത്തിന് അതുല്യ ഇരയായിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. അതേ തുടര്‍ന്നാണ് സതീഷിനു മേല്‍ കൊലക്കുറ്റം ചുമത്തിയതും തിരച്ചില്‍ നോട്ടീസ് പുറത്തിറക്കിയതും. കേസില്‍ പെട്ടതിനു പുറകെ സതീഷിനെ ഷാര്‍ജയില്‍ അയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പുറത്താക്കുകയും ചെയ്തിരുന്നു.