ആതിരപ്പള്ളി ഇനി കടല്‍ കടക്കും, ആദിവാസി ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ വിപണിയിലേക്ക്

കൊച്ചി: ആതിരപ്പള്ളി ഇനിമേല്‍ ചാലക്കുടിക്കടുത്തുള്ള ഒരു ടൂറിസ്റ്റ് സങ്കേതമോ കേരളത്തില്‍ ഏറ്റവുമധികം ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നോ മാത്രമല്ല. യൂറോപ്യന്‍ വിപണികളിലും മറ്റും ഇനി ആതിരപ്പള്ളി എന്ന പേര് എത്താന്‍ പോകുന്നത് കാപ്പിയുടെയും തേനിന്റെയും മഞ്ഞളിന്റെയും മഞ്ഞക്കൂവയുടെയുമൊക്കെ പേരിലായിരിക്കും. ആതിരപ്പള്ളിയിലെ ആദിവാസി കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കടല്‍ കടക്കാന്‍ ഒരുങ്ങുന്നു. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് ഇതിനായുള്ള വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ആദിവാസികളുടെ ഉന്നമനത്തിനായി തയാറാക്കിയ ആതിരപ്പള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതികളിലൂടെയാണ് കേരളത്തിലെ ആദിവാസി ഉല്‍പ്പന്നങ്ങള്‍ കടല്‍ കടക്കാന്‍ പോകുന്നത്.
ആതിരപ്പള്ളി വനമേഖലയിലെ ആദിവാസികളെ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം മുമ്പ് ആതിരപ്പള്ളി ട്രൈബല്‍ വാലി ഫാര്‍മേഴസ് പ്രൊഡ്യുസര്‍ കമ്പനി എന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചിരുന്നു. കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും മറ്റ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ കൂടെയും ഇതുവരെ 41 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു കഴിഞ്ഞു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കൂടാതെ വനത്തില്‍ നിന്നും നേരിട്ടു ശേഖരിക്കുന്ന വനംവിഭങ്ങളും വില്‍പനയ്ക്കായി തയ്യാറാക്കുന്നുണ്ട്. ലോകത്തെവിടെ നിന്നും ഇവ വാങ്ങാവുന്ന വിധത്തിലേക്കാണിപ്പോള്‍ ഈ കൊമേഴ്‌സ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്.