ആതിരപ്പള്ളി – പ്രകൃതിയുടെ മടിയിലേക്കൊരു മഴക്കാലയാത്ര

ഒരേയൊരു മഴക്കാല യാത്രയേ ചെയ്യാന്‍ പ്ലാനുള്ളെങ്കില്‍, അല്ലെങ്കില്‍ അതിനേ പാങ്ങുള്ളെങ്കില്‍ പോകേണ്ടത് കേരളത്തിലെ നയാഗ്രയിലേക്കാണ്. കേരളത്തില്‍ നയാഗ്രയോ, പറഞ്ഞു വരുമ്പോള്‍ ഒരു ഓളത്തിലങ്ങു പറഞ്ഞു പോയതാണെന്നു കരുതുകയൊന്നും വേണ്ട, നയാഗ്രയുടെ ഒരു മിനിയേച്ചര്‍ എഡിഷന്‍ നമുക്കുമുണ്ട്, തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് ആതിരപ്പള്ളിയില്‍. എണ്ണിയാല്‍ തീരാത്തത്ര വെള്ളച്ചാട്ടങ്ങളുള്ള കേരളത്തില്‍ ആതിരപ്പള്ളി പോലൊന്ന് ആതിരപ്പള്ളിയില്‍ മാത്രമേയുള്ളൂ. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. മഴക്കാലത്ത് വെള്ളമൊഴുക്കിന്റെ രൗദ്രമുഖം കാണാന്‍ ആള്‍ക്കാര്‍ ധാരാളമായെത്തുന്ന സ്ഥലം കൂടിയാണിത്.
ഇവിടെ പ്രകൃതിക്കു മൃദുഭാവങ്ങളൊന്നുമേയില്ല. കടിച്ചു കീറുന്ന കാടന്‍ സൗന്ദര്യം. വെള്ളത്തിന്റെ പതനസ്ഥാനത്തേക്ക് പാറകളില്‍ നിന്നു പാറകളിലേക്ക് ശ്രദ്ധയോടെ ചുവടുകളൂന്നിയെത്തുമ്പോള്‍ സ്‌പ്രേ നോസിലില്‍ നിന്നെന്നപോലെ ചിതറിത്തെറിക്കുന്ന നീര്‍ത്തുള്ളികള്‍ ഒരു വേള ആരോടും മന്ത്രിക്കുന്നുണ്ടാവാം, സര്‍വ അഹന്തയും ഈ വെള്ളത്തിനൊപ്പം ചാലക്കുടിപ്പുഴയിലേക്കൊഴുക്കിക്കോളൂ, ഒരു തുള്ളി വെള്ളത്തില്‍ കവിഞ്ഞൊന്നുമല്ല നീയും നിന്റെ സകല അഹംഭാവങ്ങളും. പ്രകൃതി നമ്മെ എളിമ പഠിപ്പിക്കുന്നൊരിടം. ഒരു വേള കാലൊന്നിടറിയാല്‍ തീരങ്ങളെ തകര്‍ത്തൊഴുകുന്ന പുഴയില്‍ നമ്മളും ഒരു കരിയിലപോലെ. ഒന്നും സംഭവിക്കാതിരിക്കട്ടെ.
എണ്‍പത് അടി ഉയരത്തില്‍ നിന്നാണ് വെളം താഴേക്ക് കുത്തനെ പതിക്കുന്നത്. ഷോളയാര്‍ വനമേഖലയുടെ തുടക്കം ആതിരപ്പള്ളിയിലാണ്. ചുവടെ നിന്നു നോക്കുമ്പോള്‍ കാടിന്റെ ഒരു ഗുഹാമുഖത്തു നിന്ന് വെള്ളം കുതറിത്തെറിച്ചിങ്ങു പോരുകയാണെന്നേ തോന്നൂ.
ആതിരപ്പള്ളി ഒറ്റയ്ക്കല്ല കേട്ടോ. വെറും അഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് വാഴച്ചാല്‍ വെള്ളച്ചാട്ടവുമുണ്ട്. രണ്ടിനെയും സോദരിമാരെന്നു കരുതുന്നവര്‍ ഒന്നറിയുക, ഒരാള്‍ ദുര്‍ഗയും ഒരാള്‍ പാര്‍വതിയെപ്പോലെ ശാന്തയും. വഴച്ചാലില്‍ പല തട്ടു പാറകളിലൂടെ നിന്നും ഇരുന്നും ഇടയ്‌ക്കെങ്കിലും ഇത്തിരി ആയമെടുത്തുമൊക്കെയാണ് വെള്ളത്തിന്റെ ഒഴുക്ക്. ഒരു വേള തൊട്ടു താഴെ ആതിരപ്പള്ളിയില്‍ സര്‍വാംഗം കുലുക്കിയുറഞ്ഞു തുള്ളാന്‍ വേണ്ട വാമിങ് അപ് നടത്തുന്നതുമാവാം.
ആതിരപ്പള്ളിയായാലും വാഴച്ചാല്‍ ആയാലും സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമമായ സമയം മഴക്കാലം തന്നെ. അപ്പോഴല്ലേ അതിന്റെയൊരു ‘ഗും’ പിടികിട്ടൂ. പോരെങ്കില്‍ മഴയുടെ ഇടത്തെളിവുകളില്‍ കുറേയേറെ പക്ഷികളെ കാണാന്‍ ഒരു നയന പ്രദക്ഷിണവുമാകാം. മലമുഴക്കി വേഴാമ്പലുകളുടെ ഇഷ്ട സങ്കേതമാണത്രേ ആതിരപ്പള്ളി വനമേഖല. ചിലപ്പോള്‍ മലയണ്ണാര്‍ക്കണ്ണന്‍മാര്‍ അങ്ങു പൊക്കത്തില്‍ മരത്തില്‍ നിന്നു മരങ്ങളിലേക്ക് ചെമപ്പിനു മാറ്റുകൂട്ടുന്ന കറുത്ത രോമക്കുപ്പായവുമായി നടക്കുന്നുണ്ടാകാം. കാട്ടിലെ പ്ലാവുകളില്‍ നിന്നും ചക്കകളും മറ്റും ഇവയ്ക്ക് ഇഷ്ടപ്പെട്ട തീറ്റയാണു പോലും. പിന്നെ കുറേയേറെ പക്ഷികള്‍. അവയെ നമുക്കു പേരറിയാപ്പക്ഷികളെന്നു വിളിക്കാം. എല്ലാത്തിന്റെയും പേരും നാളും ഊരുമൊക്കെയറിഞ്ഞുകഴിഞ്ഞാല്‍ എന്തു ത്രില്‍. വെറുതേ, വെറും വെറുതേ ഒരു കുഞ്ഞിക്കിടാവിന്റെ വിസ്മയത്തോടെ അകക്കണ്ണുകൊണ്ട് പ്രകൃതിയെ കാണാനും കാമിക്കാനും വേണ്ടേ കുറച്ചു സമയം. അതിനുള്ളതാകട്ടെ മണ്‍സൂണില്‍ ആതിരപ്പള്ളി വാഴച്ചാലിലേക്കുള്ള യാത്ര.
എങ്ങനെയെത്താം
ചാലക്കുടി കെഎസ്ആര്‍ടിസി ബസ്‌ററാന്‍ഡിലേക്ക് 31 കിലോമീറ്റര്‍ ദൂരം. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 41 കിലോമീറ്റര്‍ ദൂരം. ചാലക്കുടി റെയില്‍വേ സ്റ്റഷനും 32 കിലോമീറ്റര്‍ അടുത്തുണ്ട്.
മറ്റു കാഴ്ചകള്‍
ഡീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്, സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്, ചര്‍പ്പ വെള്ളച്ചാട്ടം, ആനക്കയം ഇക്കോ ടൂറിസം കേന്ദ്രം, ഷോളയാര്‍ ഡാം, പെരിങ്ങല്‍കുത്ത് ഡാം.