രണ്ടര ലക്ഷത്തിന്റെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് നഴ്‌സിങ് അവാര്‍ഡിന് അപേക്ഷിക്കാം

ദുബായ്: നഴ്‌സിങ് രംഗത്തെ വ്യക്തിഗത മികവിനുള്ള ലോകത്തെ ഏറ്റവും വലിയ അവാര്‍ഡുകളിലൊന്നായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ ന്‌ഴ്‌സിങ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പിന് അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറാണ് അവാര്‍ഡ് നല്‍കുക. രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.
രോഗീപരിചരണം, നഴ്‌സിങ് രംഗത്തെ നേതൃപാടവം, നഴ്‌സിങ് വിദ്യാഭ്യാസം, സോഷ്യല്‍/കമ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയില്‍ മികവു തെളിയിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ലോകത്തെവിടെയുള്ള നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റേഡ് നഴ്‌സുമാരായിരിക്കണം അപേക്ഷിക്കുന്നത്. ഒരു പ്രൈമറി പ്രവര്‍ത്തന മേഖലയിലെയും രണ്ടു സെക്കന്‍ഡറി പ്രവര്‍ത്തന മേഖലയിലെയും പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിനായി സമര്‍പ്പിക്കാം.
ഈ വര്‍ഷത്തെ അപേക്ഷകള്‍ www.asterguardians.com എന്ന വെബ് സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. 2025 നവംബര്‍ പത്തു വരെയാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. വിദഗ്ധ സമിതിയാണ് ജേതാവിനെ കണ്ടെത്തുക. 2026 മെയ്മാസത്തിലെ ലോക നഴ്‌സസ് ദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കുന്നതാണ്.