ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി ടെയ്‌ലര്‍ റോബിന്‍സണ്‍, പിടിയിലായി

യൂട്ടാ: അതിയാഥാസ്ഥിതിക അമേരിക്കന്‍ നേതാവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ ഘാതകന്‍ അമേരിക്കന്‍ പോലീസിന്റെ പിടിയിലായി. കുറച്ചുകാലം യൂട്ടാവാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി കൂടിയായിരുന്ന ടെയ്‌ലര്‍ റോബിന്‍സണ്‍ എന്ന യുവാവാണ് പോലീസിന്റെ പിടിയിലുള്ളത്. അമേരിക്ക അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിനൊടുവില്‍ കൊലപാതകം കഴിഞ്ഞ് രണ്ടു ദിവസത്തോളം പിന്നിട്ട ശേഷമാണ് ഇയാള്‍ പിടിയിലായത്. പോലീസ് പുറത്തു വിട്ട ചിത്രത്തില്‍ നിന്ന് സ്വന്തം മകനാണ് കൊലപാതകിയെന്നു തിരിച്ചറിഞ്ഞ പിതാവു തന്നെയാണ് റോബിന്‍സണെ പോലീസിന് ഏല്‍പിച്ചുകൊടുത്തത്. ഇയാള്‍ക്ക് 22 വയസാണ് പ്രായം. റോബിന്‍സണെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളോ കൊലപാതകത്തിന്റെ ഉദ്ദേശ്യമോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നു മാത്രം പുറത്തു വന്ന വിവരങ്ങളിലുണ്ട്. പോലീസ് ഇയാളെ പിടികൂടിയ വിവരം തന്നെ യൂട്ടാ ഗവര്‍ണര്‍ സ്‌പെന്‍സര് കോക്‌സ് നാടകീയമായി ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.
സ്വന്തം പുത്രനാണ് കൊലപാതകിയെന്നു തിരിച്ചറിഞ്ഞയുടന്‍ പോലീസിനു പിടികൊടുക്കാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആദ്യം റോബിന്‍സണ്‍ ഇതിനു തയാറായില്ല. അപ്പോള്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്ററുടെ സഹായം ഇക്കാര്യത്തില്‍ പിതാവ് തേടുകയുണ്ടായി. അയാളും നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോഴാണ് റോബിന്‍സണ്‍ പിടികൊടുക്കുന്നത്. ശരിയായ കാര്യം ചെയ്തതിനു റോബിന്‍സന്റെ കുടുംബത്തെ അഭിനന്ദിക്കുന്നതായും കോക്‌സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകത്തിനു ശേഷം തോക്ക് സമീപത്തുള്ള പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച റോബന്‍സണ്‍ പിന്നീട് തന്റെ റൂംമേറ്റിനോട് ആ തോക്ക് അവിടെ നിന്നു വീണ്ടെടുക്കുന്നതിനു സഹായം ആരാഞ്ഞുകൊണ്ട് സന്ദേശം അയയ്ക്കുകയും ചെയ്തു. പിന്നീട് പോലീസ് തന്നെ ആ തോക്ക് കണ്ടെടുത്തിരുന്നു. അതില്‍ ഉപയോഗിക്കാത്ത മൂന്നു തിരകള്‍ ശേഷിച്ചിരുന്നു. അതിലൊന്നില്‍ ആ ഫാസിസ്റ്റിനെ പിടിക്കുക എന്നും രണ്ടാമത്തേതില്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രസിദ്ധമായ ഫാസിസ്റ്റ് വിരുദ്ധ ഗാനങ്ങളിലൊന്നിലെ ഒരു വരിയും മൂന്നാമത്തേതില്‍ അര്‍ഥം തിരിച്ചറിയാത്ത ഏതാനും വാക്കുകളും രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്ത കാര്യമാണിതെന്ന വിചാരത്തിലാണ് അന്വേഷകര്‍.
യഥാര്‍ഥത്തില്‍ അടുത്ത കാലത്തു മാത്രമാണ് കോക്‌സ് കടുത്ത രാഷ്ട്രീയ നിലപാടുകളിലേക്കു വന്നതെന്നാണ് ഇയാളെ അടുത്തറിയാവുന്നവര്‍ പറയുന്നത്. കൊലപാതകത്തിനു മുമ്പ് അടുത്ത ബന്ധുവുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ലി കിര്‍ക്ക് യൂട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ വരുന്ന കാര്യം ടെയ്‌ലര്‍ പറഞ്ഞിരുന്നതാണ്. കിര്‍ക്ക് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതിനാല്‍ അയാളെ തനിക്കു താല്‍പര്യമില്ലെന്നും ഇക്കൂടെ വ്യക്തമാക്കിയിരുന്നു. പോലീസ് അന്വേഷണം തുടരുകയാണ്.