മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് വരുന്നു. ഏറെനാള്‍ കൂടി ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരമാണിതില് ഏറ്റവും ആവേശം നിറയ്ക്കാന്‍ പോകുന്നത്. മത്സരത്തിന്റെ ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ടീമുകളായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആദ്യമത്സരം സെപ്റ്റം14ന് ദുബായില്‍ ആണ് നടക്കാന്‍ പോകുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരം സംപേഷണം ചെയ്യാനുള്ള അവകാശം കിട്ടിയിരിക്കുന്നത് സോണി സ്പോര്‍ട്സിനാണ്. ടെലികാസ്റ്റിങ് റൈറ്റ് കിട്ടിയിരിക്കുന്ന സോണി ഇതിലൂടെ പരസ്യത്തിനായി നിശ്ചയിച്ചിരിക്കുന്ന തുകകള്‍ കേട്ടോളൂ. ഞെട്ടരുതെന്ന് പറയുന്നില്ല, ഞെട്ടാന്‍ തയാറായിക്കോളൂ. ഇന്നുവരെ പരസ്യത്തിനു നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കൂടിയ തുകയാണിതെന്നാണ് കരുതപ്പെടുന്നത്. വെറും പത്തു സെക്കന്‍ഡിന്റെ ഒരു പരസ്യ സ്ലോട്ടിനു കൊടുക്കേണ്ടത് പതിനാറു ലക്ഷം രൂപ. ഇതിനൊപ്പം പാക്കേജ് പരസ്യങ്ങള്‍ വേറെയുമുണ്ട്. അവയും കണ്ണുതള്ളിക്കുന്നതു തന്നെ.
കോ പ്രസന്റിങ് സ്പോണ്‍സര്‍ഷിപ്പിന് 18 കോടി, അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പിന് 13 കോടി, കോ പ്രസന്റിങ് ഹൈലൈറ്റ് പങ്കാളി ഓരോരുത്തരും മുപ്പതു കോടി വീതം, കോ പവേര്‍ഡ് ബൈ പാക്കേജ്-ഓരോരുത്തരും 18 കോടി വീതം.
സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 28 വരെയാണ് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ നടക്കുക. ട്വന്റി-20 ഫോര്മറ്റാണ് പിന്തുടരുക. എട്ടു ടീമുകളാണ് ഇതില്‍ മാറ്റുരയ്ക്കുക. മുഴുവന്‍ മത്സരങ്ങള്‍ക്കും ആതിഥേയരാകുന്നത് ദുബായും അബുദാബിയുമാണ്. ഇന്ത്യ-പാക് ആദ്യ മത്സരം നടക്കുന്ന സെപ്റ്റംബര്‍ 14 ഞായറാഴ്ച കൂടിയായതിനാല്‍ ഇരു രാജ്യങ്ങളിലും ഒട്ടുമിക്ക കണ്ണുകളും ടിവിയില്‍ തന്നെയായിരിക്കുമെന്നുറപ്പ്. അതു കൂടി കണക്കിലെടുത്താണ് പത്തു സെക്കന്‍ഡിനു 16 ലക്ഷം രൂപ എന്ന നിരക്കില്‍ പരസ്യത്തിന്റെ സ്ലോട്ടുകള്‍ മാര്‍ക്കറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ പത്തു സെക്കന്‍ഡിന്റെ വിലയാണിത്
