ഏഷ്യ കപ്പ് ക്രിക്കറ്റ് ഉദ്വേഗജനമായ അവസാന ലാപ്പിലേക്ക്. ഇന്ത്യയും പാക്കിസ്ഥാനുമായിരിക്കുമോ ഫൈനലില്‍ ഏറ്റുമുട്ടുക

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പ്രവചിക്കാന്‍ സാധിക്കാത്ത അവസാനത്തിലേക്ക് നീങ്ങുകയാണോ. ആകെ കൂടി ഇന്ത്യമാത്രമാണ് ഏറ്റവും മികച്ച ഫോം നിലനിര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യയെ പോലെ തന്നെ കളിച്ച കളികളൊന്നും തോല്‍ക്കാതെയായിരുന്നു ശ്രീലങ്ക സൂപ്പര്‍ ഫോറിലെത്തിയതെങ്കിലും അവിടെ കാലിടറി. തോറ്റതാകട്ടെ താരതമ്യേന ശിശുവായ ബംഗ്ലാദേശിനോട്. ഗ്രൂപ്പ് തലത്തില്‍ ഒരു കളി തോറ്റ് പാക്കിസ്ഥാനെ പോലെ തന്നെയാണ് ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തിയിരിക്കുന്നത്. ഇന്ത്യയോട് രണ്ടു തവണ തോറ്റെന്നു കരുതി പാക്കിസ്ഥാനെ ആര്‍ക്കും എഴുതിത്തള്ളാന്‍ ആവുകയുമില്ല. ചാരത്തില്‍ നിന്നു വരെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തക്ക ശേഷിയുള്ള ടീമാണ് പാക്കിസ്ഥാന്റേത്. ശ്രീലങ്ക ഇപ്പോള്‍ കാര്യമായ ഫോമിലല്ല, എന്നാലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല തവണ കരുത്ത് തെളിയിച്ചിട്ടുള്ളവരാണ്. സൂപ്പര്‍ ഫോറില്‍ ലങ്കയെ തോല്‍പിച്ചുവെങ്കിലും ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ഇടം ഇനിയും കണ്ടെത്തേണ്ടതായിരിക്കുന്നവരാണ്. ആ സ്ഥിതിക്ക് എന്തും സംഭവിക്കാം. ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് പ്രവചിക്കുന്നവരേറെയാണ്. എതിര്‍ക്കാന്‍ എത്തുന്നത് ആരായിരിക്കുമെന്നാണ് ഏഷ്യയിലെ ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റു നോക്കുന്നത്.
നിലവില്‍ സൂപ്പര്‍ ഫോറില്‍ നാലു രാജ്യങ്ങളും ഓരോ കളി വീതമാണ് കളിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും രണ്ടാമത് ഒരു കളി കൂടി ബാക്കിയാണ്. അതിലെ ജയപരാജയങ്ങളായിരിക്കും ഫൈനലിലെ കളിക്കാരെ നിശ്ചയിക്കുന്നത്. അതായത് വരാനിരിക്കുന്ന കളികളെല്ലാം വളരെ നിര്‍ണായകമാണ്. നിലവില്‍ സൂപ്പര്‍ ഫോര്‍ പട്ടികയില്‍ ഒന്നാമത് ഇന്ത്യയും രണ്ടാമത് ബംഗ്ലാദേശുമാണുള്ളത്. ഒരു ജയം കൂടി കിട്ടിയാല്‍ ഇന്ത്യയും ബംഗ്ലാദേശും ഫൈനലില്‍ കളിക്കും. അതേസമയം പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ശേഷിക്കുന്ന കളികള്‍ ജയിച്ചേ മതിയാകൂ. ശ്രീലങ്കയേയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാല്‍ പാക്കിസ്ഥാനായിരിക്കും ഫൈനലിലെത്തുക. അങ്ങനെയെങ്കില്‍ വീണ്ടുമൊരു ഇന്ത്യ-പാക് മത്സരം എന്ന അവസ്ഥ വന്നു ചേരും.