സിഡ്‌നി: കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം തടയുന്നതിനുള്ള നിയമം നടപ്പാക്കാന്‍ തുടങ്ങുന്ന തീയതി അടുത്തു വരുന്നതിനിടെ രണ്ടു സമൂഹ മാധ്യമങ്ങളെ കൂടി വിലക്കപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെഡ്ഡിറ്റ്, കിക്ക് എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്കു കുടിയാണ് നിയന്ത്രണം വരുന്നത്. ഇതോടെ വിലക്കപ്പെട്ട സമൂഹ മാധ്യമങ്ങളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
ഫെഡറല്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്താന്‍ പോകുന്ന നിരോധനം രക്ഷാകര്‍ത്താക്കളുടെ ഭാഗത്തു നിന്ന് ഉരുത്തിരിഞ്ഞ ആശയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. അടുത്ത മാസം പത്തിനാണ് നിയന്ത്രണം പ്രാബല്യത്തിലാകുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ്, ടിക്ടോക്, യൂട്യൂബ്, എക്‌സ്, ത്രെഡ്‌സ്, റെഡ്ഡിറ്റ്, കിക്ക് എന്നിവയാണ് ഇപ്രകാരം നിയന്ത്രിക്കപ്പെടുക. ഇതില്‍ ആദ്യ ഏഴെണ്ണ നിയന്ത്രിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവസാന രണ്ടെണ്ണം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഈ സമൂഹ മാധ്യമ കമ്പനികളോട് പതിനാറു വയസില്‍ താഴെ പ്രായം വരുന്ന കുട്ടികള്‍ അക്കൗണ്ട് തുറക്കുന്നതു തടയുന്നതിന് അനുയോജ്യമായ നടപടികള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് അഞ്ചു കോടിയോളം ഡോളര്‍ പിഴയായി ചുമത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

