കൊച്ചി: സ്വര്‍ണത്തിനു തുടര്‍ച്ചയായി വില കയറിക്കൊണ്ടിരിക്കേ ചെറുകിട നിക്ഷേപകരുടെ പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയായി ഗോള്‍ഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) മാറുന്നു. സെപ്റ്റംബര്‍ ഒരു മാസംകൊണ്ട് ഗോള്‍ഡ് ഇടിഎഫുകളിലെ നിക്ഷേപം നാലിരട്ടിയാണ് വര്‍ധിച്ചത്. ഇതോടെ ഇത്തരം നിക്ഷേപത്തിന്റെ മൊത്തം അളവ് 8363 കോടി രൂപയായി ഉയര്‍ന്നു. ചരിത്രത്തിലാദ്യമായാണ് ഇടിഎഫുകളിലെ പ്രതിമാസം നിക്ഷേപം ഈ തോതില്‍ ഉയരുന്നത്. തൊട്ടു തലേമാസം ഈ മേഖലയിലെ ഇടിഎഫ് നിക്ഷേപം 2189 കോടി രൂപ മാത്രമായിരുന്നു. സുരക്ഷതത്വവും നിക്ഷേപ വൈവിധ്യവല്‍ക്കരണവും സാധ്യമാണെന്നതാണ് ചെറുകിട നിക്ഷേപകരെ ഇടിഎഫുകളിലേക്ക് ആകര്‍ഷിക്കുന്നത്. കിടക്കട്ടെ ലിസിലും ആയിരം എന്ന പഴയ പരസ്യവാചകം പോലെ കിടക്കട്ടെ ഇടിഎഫിലും കുറച്ചു പണം എന്ന നിലപാടിലേക്ക് ചെറുകിട നിക്ഷേപകരും ചുവടുമാറ്റുന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തുന്ന വിദഗ്ധരുമുണ്ട്. സ്വര്‍ണത്തിനു വിപണിയില്‍ വിലകയറുന്നതാണ് ഈ പ്രിയത്തിനു കാരണം. തെങ്ങിനു നനയ്ക്കുമ്പോള്‍ ചീരയും നനയും എന്ന പ്രമാണത്തില്‍ സ്വര്‍ണത്തിനു വില ഉയരുമ്പോള്‍ സ്വര്‍ണ ഇടിഎഫുകള്‍ക്കും ആനുപാതികമായി വില ഉയരുന്നു. സ്വര്‍ണത്തിന്റെ വിലക്കയറ്റം ശാശ്വതമാണെങ്കില്‍ ഈ ഉയര്‍ച്ചയും ഏറെക്കാലം നിലനില്ക്കുകയും ചെയ്യും.
സ്വര്‍ണത്തിനൊപ്പം നിക്ഷേപത്തിനും തിളക്കമേറുന്നു, ഇടിഎഫുകളില്‍ നാലിരട്ടി വര്‍ധന

