ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ചുള്ള ഇന്ത്യന്‍ ഉത്സവകാലം ജിഎസ്ടി വരുമാനത്തിലും യുപിഐ ഇടപാടുകളിലും ശരിക്കും ഉത്സവകാലം തന്നെയായി. ചരക്ക് സേവന നികുതി (ജിഎസ്ടി) സമാഹരണത്തിലും യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകളിലും മികച്ച മുന്നേറ്റമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.
ഒക്ടോബറില്‍ ഇന്ത്യയുടെ ജിഎസ്ടി വരുമാനം 4.6 ശതമാനം വര്‍ധനയോടെ 1.96 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബറില്‍ 1.89 ലക്ഷം കോടി രൂപയും ഓഗസ്റ്റില്‍ 1.86 ലക്ഷം കോടി രൂപയും ആയിരുന്ന സ്ഥാനത്താണിത്. എങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമാസമായ ഏപ്രിലില്‍ നേടിയ 2.36 ലക്ഷം കോടി രൂപയുടെയും മെയ് മാസത്തിലെ 2.01 ലക്ഷം കോടി രൂപയുടെയും ഒപ്പമെത്താന്‍ ഉത്സവകാലത്തിനും സാധിച്ചില്ല. ഇതിനു പ്രധാന കാരണം രാജ്യത്തൊട്ടാകെ ജിഎസ്ടിയില്‍ ദീപാവലിക്കു മുമ്പായി ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവാണെന്നു പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉപഭോഗത്തില്‍ വര്‍ധനയുണ്ടാകുന്നതു സ്വാഭാവികമാണ്. എന്നാല്‍ മെയ് മാസത്തിനു ശേഷം ജിഎസ്ടി വരുമാനത്തില്‍ തുടര്‍ച്ചയായി ഇടിവു മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. അവിടെ നിന്നാണ് ഒക്ടോബറിലെ വര്‍ധന.
ഉത്സവകാല തിളക്കത്തില്‍ ജിഎസ്ടിയെ പോലെ യുപിഐ ഇടപാടുകളും മികച്ച ചിത്രമാണ് നല്‍കുന്നത്. റെക്കോഡ് ഉയരത്തിലാണ് യുപിഐ ഇടപാടുകള്‍. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്റെ കണക്കുകളനുസരിച്ച് ഒക്ടോബറില്‍ 27.28 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് വിവിധ യുപിഐ പ്ലാറ്റ്‌ഫോമുകള്‍ മുഖേന നടത്തിയത്. ഇതിനു പിന്നിലും ജിഎസ്ടി പരിഷ്‌കരണത്തിന് വലിയ പങ്കാണുള്ളത്. ജിഎസ്ടി നിരക്കുകള്‍ കുറഞ്ഞതോടെ ജനങ്ങള്‍ വാങ്ങലുകള്‍ ആഘോഷിക്കുകയായിരുന്നെന്നു ചുരുക്കം. അതില്‍ നല്ലൊരു പങ്കും നടത്തിയിരിക്കുന്നത് യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെയാണെന്നത് ഡിജിറ്റല്‍ പേമെന്റ് രീതിക്കു ലഭിക്കുന്ന വര്‍ധിച്ച സ്വീകാര്യതയാണെന്നു വ്യക്തം.

