യൂട്യൂബിനു നിരോധനം വേണ്ടെന്ന്, കുട്ടികള്‍ക്കു ദോഷമല്ലെന്നു കമ്പനി

മെല്‍ബണ്‍: ഡിസംബറില്‍ ഓസ്‌ട്രേലിയയിലാകെ പതിനാറു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ നിന്നു യൂട്യൂബിനെ ഒഴിവാക്കണമെന്ന് വാദം. നിരോധനം സംബന്ധിച്ച് സെനറ്റ് കമ്മിറ്റി നടത്തിയ കൂടിയാലോചനയില്‍ യൂട്യൂബ് വക്താവ് റേച്ചല്‍ ലോര്‍ഡ് ആവശ്യപ്പെട്ടതാണ് ഇക്കാര്യം. യൂട്യൂബ് ഒരു സമൂഹ മാധ്യമം അല്ലെന്ന് അവര്‍ വ്യക്തമാക്കി.

സമൂഹ മാധ്യമ നിരോധനത്തെ പോലും താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിടേണ്ടതായി വരും. പോരെങ്കില്‍ ഈ നിയമം നടപ്പാക്കുന്നതായിരിക്കും ഏറ്റവും ദുഷ്‌കരം. കുട്ടികളെ ഓണ്‍ലൈനില്‍ സുരക്ഷിതരാക്കുന്നതിന് ഇത്തരം നിയമങ്ങള്‍ പോരാ. എന്നു മാത്രമല്ല, കുട്ടികളെ ഓണ്‍ലൈനില്‍ നിന്നു തടഞ്ഞല്ല അവരെ സുരക്ഷിതരാക്കേണ്ടത്. അവര്‍ വ്യക്തമാക്കി.

അതേസമയം ഈ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ എമ്പാടും ചര്‍ച്ചകള്‍ നടക്കുകയാണ്. നിരോധനം വരുന്നു എന്നല്ലാതെ എങ്ങനെയാണ് നിരോധനം ഏര്‍പ്പെടുത്തുക എന്ന കാര്യത്തിലും ഇതുവരെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. നിയമങ്ങള്‍ പാലിക്കുന്നതിന് കമ്പനികള്‍ക്കു കഴിയാതെ വരികയാണെങ്കില്‍ അമ്പതു ലക്ഷത്തോളം ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്.