സ്വര്‍ണവില ആകാശത്തോളം, താഴേ ഭൂമിയില്‍ കേസുകെട്ടുകളും വീട്ടുവഴക്കുകളും

തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വില ആകാശത്തോളം ഉയരാന്‍ കുതിക്കുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ എഫ്‌ഐആറിന്റെ കെട്ടുകളും ഉയര്‍ന്നുയര്‍ന്നു പോകുന്നു. കാരണം, സ്വര്‍ണവുമായി ബന്ധപ്പെട്ട് ഇന്നുവരെയില്ലാത്ത തരം കേസുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതില്‍ ഏറെയും. സ്വര്‍ണം മോഷണം പോയതുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ടുശീലിച്ച പോലീസിന് ഇവയെല്ലാം വല്ലാത്ത പൊല്ലാപ്പായിട്ടുമുണ്ട്. ഏറ്റവും വ്യാപകമാകുന്നത് പണയം വയ്ക്കാന്‍ വാങ്ങിയ സ്വര്‍ണം തിരികെ നല്‍കാതെ മുങ്ങിനടക്കുന്നതുമായി ബന്ധപ്പെട്ടാണ്. പരാതിക്കാരും കുറ്റാരോപിതരുമെല്ലാം മിക്കപ്പോഴും ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ആയിരിക്കുകയും ചെയ്യും. അതോടെ വീട്ടുവഴക്കുകള്‍ക്കു പരിഹാരമുണ്ടാക്കേണ്ട ബാധ്യത പോലീസിന്റെയാകും. കണ്ണൂര്‍ ഭാഗത്തുനിന്നു മാത്രം വരുന്ന കേസുകള്‍ ഒരു പ്രത്യേക സ്വഭാവത്തിലുള്ളതാണ്. ഇവിടങ്ങളില്‍ ഒരു വീട്ടിലെ ചടങ്ങിനു സമ്മാനമായി സ്വര്‍ണം നല്‍കിയാല്‍ നല്‍കുന്നയാളിന്റെ വീട്ടില്‍ സമാന ആഘോഷം നടക്കുമ്പോള്‍ അതേ അളവില്‍ സ്വര്‍ണം തന്നെ തിരികെ നല്‍കുന്നതാണ് നാട്ടുനടപ്പ്. പഴയകാലത്ത് സ്വര്‍ണത്തിന് ഇത്രയൊന്നും വിലയില്ലാതിരുന്നപ്പോള്‍ നൂലുകെട്ടിനും മറ്റും ഒന്നും രണ്ടും പവന്റെയൊക്കെ ആഭരണം നല്‍കുമായിരുന്നു. തിരികെ അതേ ആഘോഷം മറുവീട്ടില്‍ വരുമ്പോള്‍ അത്രയും സ്വര്‍ണം കൊടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ മറ്റെന്തെങ്കിലും സമ്മാനം കൊടുക്കുന്നത് സംഘര്‍ഷത്തിനു കാരണമാകുകയാണ്. ഇത്തരത്തില്‍ മൂന്നു കേസുകളാണ് കണ്ണൂര്‍ ടൗണിനടുത്തു മാത്രം പോലീസിനു കൈകാര്യം ചെയ്യേണ്ടി വന്നിരിക്കുന്നത്. ഓരോ സംഭവത്തിലും കേസ്, മറുകേസ്, സംഘര്‍ഷത്തിനു കേസ് അങ്ങനെ എഫ്‌ഐആറുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.