ലണ്ടന്‍: അപൂര്‍വ ധാതുക്കള്‍ക്കു വേണ്ടിയുള്ള ലോകത്തിന്റെ പരക്കംപാച്ചില്‍ ആഫ്രിക്കയിലെ ഏതാനും ഗോത്രവര്‍ഗ മേഖലകളുടെ ഉറക്കം കെടുത്തുന്ന കാര്യമായി മാറുന്നു. ലോകത്ത് ഏറ്റവുമധികം അപൂര്‍വ ധാതുക്കള്‍ സ്വന്തമായുള്ള ചൈന ഈയിടെ ഇവയുടെ കയറ്റുമതി നിരോധിച്ചതോടെയാണ് ലോകം മറ്റുവഴികള്‍ തേടാന്‍ നിര്‍ബന്ധിതമായത്. ഇലക്ട്രോണിക്‌സ്, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിങ്ങനെ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള പല വ്യവസായങ്ങള്‍ക്കും അപൂര്‍വ ധാതുക്കള്‍ കൂടിയേ തീരൂ. ഈയിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി അമേരിക്ക സന്ദര്‍ശിച്ചപ്പോഴും അപൂര്‍വ ധാതുക്കളുടെ കൈമാറ്റത്തിനായിരുന്നു കരാര്‍ ഒപ്പിട്ടത്.
ചൈന കഴിഞ്ഞാല്‍ ലോകത്ത് അപൂര്‍വ ധാതുക്കള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ആഫ്രിക്കയിലെ ഏതാനും രാജ്യങ്ങളിലാണ്. അതില്‍ തന്നെ പ്രധാനം കെനിയയിലെ അഞ്ചു ഗ്രാമങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരപ്രദേശത്തുള്ള ഈ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മ്രമി ഹില്‍സ് എന്ന വനമേഖല വിവിധ ലോക രാജ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന അപൂര്‍വ ധാതുക്കളുടെ വലിയ കലവറയാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനം നിയോബിയം എന്ന അപൂര്‍വ ധാതുവാണ്. ഉരുക്കുനിര്‍മാണ വ്യവസായത്തിനാണ് ഇത് ഏറ്റവും ആവശ്യമായുള്ളത്.
കെനിയയിലെ ഗ്രാമങ്ങളില്‍ 62.4 ബില്യന്‍ ഡോളറിന്റെ ധാതു നിക്ഷേപമുള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. യുകെയിലും കാനഡയിലും ആസ്ഥാനങ്ങളുള്ള പസഫിക് വൈല്‍ഡ് ക്യാറ്റ് റിസോഴ്‌സസിന്റെ അനുബന്ധമായ കെനിയയിലെ കോര്‍ടെക് മൈനിങ് കമ്പനി നടത്തിയ പഠങ്ങളിലാണ് ഈ കണ്ടെത്തലുള്ളത്. ഇത്രയും ധാതുക്കള്‍ ഖനനം ചെയ്തു വിപണിയിലെത്തിച്ചാല്‍ കെനിയ ഗള്‍ഫിനു തുല്യമായ സാമ്പത്തിക നിലവാരത്തിലെത്തുമത്രേ. ഇതില്‍ കണ്ണുവച്ച് ഖനന ഭീമന്‍മാര്‍ കെനിയയില്‍ വട്ടമിട്ടു പറക്കുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

