ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കുന്നതിനു വേണ്ട സൗകര്യമൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആഭ്യന്തരമന്ത്രി ഈ ഉറപ്പു നല്‍കിയത്.
കന്യാസ്ത്രീമാര്‍ വിചാരണക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ ഫയല്‍ ചെയ്യണമെന്നും അതിനെ ഛത്തീസ്ഗഡ് ഗവണ്‍മെന്റ് എതിര്‍ക്കില്ലെന്നുമാണ് കേരളത്തില്‍ നിന്നു സംയുക്ത സന്ദര്‍ശനത്തിനെത്തിയ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാരെ അമിത് ഷാ അറിയിച്ചത്. കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ സെഷന്‍സ് കോടതി എന്‍ഐഎ കോടതിയിലേക്ക് റഫര്‍ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഛത്തീസ്ഗഡ് ഗവണ്‍മെന്റില്‍ നിന്നും നേരത്തെ അമിത് ഷാ വിവരങ്ങള്‍ തേടിയിരുന്നു. എംപിമാര്‍ നല്‍കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസിന് അദ്ദേഹം കൈമാറിയിട്ടുമുണ്ട്.
എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് സെഷന്‍സില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നതെന്ന് ഇതിനകം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്. എന്‍ഐഎ അന്വേഷണം ആവശ്യപ്പെടേണ്ടത് സംസ്ഥാന ഗവണ്‍മെന്റാണ്. അനുവാദം നല്‍കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തലശേരി രൂപത ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി രൂപത എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ അറസ്റ്റിലായത്. നിര്‍ബന്ധിത മതംമാറ്റം, മനുഷ്യക്കടത്ത് എന്നീ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ഛത്തീസ്ഗഡ് ഗവണ്‍മെന്റ് ചുമത്തിയത്.

