ഒരു സംരംഭകന്റെ യാതനാപൂര്‍ണമായ പ്രവാസ ജീവിതത്തിന്റ നേര്‍കഥയാണ് അര്‍ജുന്‍ അഗര്‍വാളിനു പറയാനുള്ളത്

അഡലെയ്ഡ്: അഞ്ചു വര്‍ഷം നീണ്ട യാതനാപൂര്‍ണമായ സംരംഭക ജീവിതത്തിനു ശേഷം കാര്യങ്ങളെല്ലാം ശരിയായ തീരത്തേക്ക് അടുക്കുമ്പോഴും സ്വന്തം വീസയുടെ അനിശ്ചിതത്വം അര്‍ജുന്‍ അഗര്‍വാള്‍ എന്ന ഇന്ത്യന്‍ സംരംഭകന്റെ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. ആണ്ടോടാണ്ട് വീസ പുതുക്കി ലഭിക്കുമോയെന്നതും സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ മൂലധനമില്ലാത്തതുമായിരുന്നു ഇതുവരെ പ്രശ്‌നം. എന്നാല്‍ മൂലധനത്തിന്റെ പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചുകഴിഞ്ഞു. ഇയാളുടെ സംരംഭത്തില്‍ പ്രീ സീഡ് ഫണ്ടായി അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കാന്‍ ഏതാനും ഏജന്‍സികള്‍ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും വീസയുടെ പ്രശ്‌നം മാറ്റമില്ലാതെ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ വീസ നയം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ യുവ ഇന്ത്യന്‍ സംരംഭകനു പറയാനുള്ളത്.

നാഗ്പൂരിലാണ് അര്‍ജുന്റെ ജനനം. അവിടെ നിന്നാണ് ചെറു സംരംഭത്തിന് ഉടമകളായ മാതാപിതാക്കളോടൊപ്പം സൗത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്. മാസ്‌റ്റേഴ്‌സ് പഠനം ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണിലെ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോവിഡിന്റെ വരവ്. എന്നിട്ടും സ്വപ്‌നത്തിലുണ്ടായിരുന്ന സംരംഭമായ ‘ഇനാം’ ആരംഭിച്ചു. ഇതൊരു സ്റ്റാര്‍ട്ടപ് ഫിന്‍ടെക് സംരംഭമായിരുന്നു. ആശയമൊക്കെ നല്ലതെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ സംരംഭകന്‍ നേരിടുന്ന മൂലധന ക്ഷാമത്തിനു മുന്നില്‍ എല്ലാവരും കൈമലര്‍ത്തി. അഞ്ചു വര്‍ഷത്തോളം പലവഴികളും തിരഞ്ഞാണ് പ്രീ സീഡ് ഫണ്ട് ശരിയാക്കുന്നത്.

ഇക്കാലമത്രയും നേരിട്ടിരുന്ന മറ്റൊരു പ്രശ്‌നം വീസയുടെ ആയിരുന്നു. ഓരോ വര്‍ഷവും ഇതു പുതുക്കി ലഭിക്കുമോ എന്നതായിരുന്നു ആശങ്ക. സ്വന്തം സംരംഭമുണ്ടായിട്ടും പല രീതിയില്‍ മികവു തെളിയിച്ചിട്ടും ഗ്ലോബല്‍ ടാലന്റ് വീസ മാത്രം അനുവദിച്ചു കിട്ടിയില്ല. അതിനു തടസമായിരുന്നത് ഓസ്‌ട്രേലിയയുടെ വീസ നയം. ഒരു വര്‍ഷം 1.6 ലക്ഷം ഡോളറെങ്കിലു വേതനം ലഭിക്കുന്ന ജോലിയുണ്ടെങ്കിലേ ഗ്ലോബല്‍ ടാലന്റ് വീസ ലഭിക്കൂ. ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകന് ഇതെങ്ങനെ സാധിക്കാന്‍. ഇപ്പോള്‍ ഇതിലും വലിയൊരു തുകയുടെ പ്രീ സീഡ് ഫണ്ട് ലഭിച്ചിരിക്കുകയാണ്. എന്നിട്ടും ഗ്ലോബല്‍ ടാലന്റ് വീസമ മാത്രം അകലെ. ഇതിനു കാരണം ഈ ലഭിച്ചിരിക്കുന്ന തുക വേതനം അല്ല എന്നതു തന്നെ. ഈ നാടിന്റെ വീസ നയം എന്നു മാറും എന്നാണ് അര്‍ജുന്റെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *