ഐഫോണ്‍ 17 വാങ്ങുന്നതിന് യുവാക്കളുട തമ്മിലടി. കടകള്‍ക്കു മുന്നില്‍ രാത്രി മുഴുവന്‍ ആള്‍ക്കുട്ടവും തിരക്കും

മുംബൈ: ഐ ഫോണ്‍ 17 ഫോണിനു വേണ്ടി മണിക്കൂറുകളുടെ കാത്തുനില്‍പ്, അനന്തമായ ക്യൂ, അവസാനം തിക്കും തിരക്കും തമ്മിലടിയും. ഇന്നലെ ഇന്ത്യയിലെ ഐഫോണ്‍ സ്‌റ്റോറുകളുടെ മുന്നിലെ ദൃശ്യമാണിത്. തലേന്നു രാത്രി മുതല്‍ ആള്‍ക്കാര്‍ ഐഫോണ്‍ സ്‌റ്റോറുകള്‍ക്കു മുന്നിലുണ്ടായിരുന്നു. ഒരു രാത്രിയുടെ മുഴുവന്‍ ഉറക്കമിളവിന്റെയും അക്ഷമ തമ്മിലടിച്ചു തീര്‍ത്തവരും നിരവധി. രാവിലെ കട തുറന്നപ്പോഴാകട്ടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് വേണ്ടിവന്നു. രണ്ടു ലക്ഷം രൂപയോളം വിലയുള്ള ഫോണിനു വേണ്ടിയായിരുന്നു ഈ അങ്കം മുഴുവന്‍.
ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളുണ്ടായത് മുംബൈ ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സില്‍ ഇന്നലെ രാവിലെയായിരുന്നു. യുവാക്കളുടെ സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. തമ്മിലടിച്ചവരെ ഒടുവില്‍ പോലീസ് എത്തി ബലം പ്രയോഗിച്ചാണ് സംഭവ സ്ഥലത്തു നിന്നു നീക്കിയത്. ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിക്കാതിരുന്നതിനാല്‍ കടയുടമകള്‍ ആവശ്യമായ പോലീസ് സഹായം തലേന്നു തന്നെ ചോദിച്ചിരുന്നില്ലെന്നാണറിയുന്നത്. രാവിലെ തിരക്കു കൂടിക്കഴിഞ്ഞപ്പോഴാണ് പോലീസ് എത്തുന്നത്. അപ്പോഴേക്കും പലയിടത്തും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നെന്നു മാത്രം.