ഐഫോണ്‍ 17 കച്ചവടം പൊളിച്ചു, ആപ്പിളിന് സെപ്റ്റംബര്‍ ത്രൈമാസത്തില്‍ വരുമാനം എട്ടര ലക്ഷം കോടി രൂപ

മുംബൈ: ഇന്ത്യയില്‍ ഐഫോണ്‍ പ്രേമികള്‍ വര്‍ധിച്ചതോടെ അമേരിക്കന്‍ കമ്പനിയായ ആപ്പിളിന് റെക്കോഡ് വരുമാനം. ലോകത്തെ മൊത്തം വില്‍പനയില്‍ നിന്ന് 102.5 ബില്യണ്‍ ഡോളറിന്റെ (ഏറക്കുറേ എട്ടര ലക്ഷം കോടി രൂപ) വരുമാനമാണ് സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിള്‍ നേടിയത്. ഐഫോണ്‍ 17ന്റെ വില്‍പനയാണ് റെക്കോഡ് വരുമാനം നേടാന്‍ ആപ്പിളിനെ സഹായിച്ചത്.

ആപ്പിളിന്റെ സിഇഒ ടിം കുക്കാണ് വരുമാനത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. ആപ്പിളിന്റെ ഭൂരിഭാഗം വിപണികളിലും ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞ ത്രൈമാസമാണ് കടന്നു പോയിരിക്കുന്നത്. ഇന്ത്യയിലും സര്‍വകാല റെക്കോഡാണ് വില്‍പനയിലും വരുമാനത്തിലും ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം ത്രൈമാസ പാദത്തിലും ഇതേ വരുമാനം തന്നെയാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

മൂന്നു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ ഐഫോണ്‍ വില്‍പന ഓരോ പാദത്തിലും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആഭ്യന്തരമായി ഉല്‍പാദനം ആരംഭിച്ചതും കൂടുതല്‍ സ്റ്റോറുകള്‍ തുറന്നതുമാണ് ഇതിനു സഹായിച്ചത്. സെപ്റ്റംബര്‍ പതിനേഴിനാണ് ആപ്പിള്‍ ഐഫോണ്‍ 17 ആഗോള വിപണിക്കൊപ്പം ഇന്ത്യയിലും പുറത്തിറക്കിയത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളുടെ ശരാശരി വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് ആപ്പിളിന്റെ ഐഫോണുകള്‍ വില്‍ക്കുന്നത്. ഇതും വരുമാനം വര്‍ധിക്കുന്നതിനു കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *