സിഡ്‌നി: നെറുകയില്‍ അടികിട്ടുന്നതിനൊക്കുന്ന ഭീമമായ തുക പിഴയടയ്‌ക്കേണ്ട അവസ്ഥയിലേക്ക് എഎന്‍സെഡ് ബാങ്ക്. വിവിധയിനങ്ങളിലുള്ള ക്രമക്കേടുകള്‍ക്ക് 24 കോടി ഡോളര്‍ പിഴയിനത്തില്‍ ബാങ്ക് അടയ്ക്കണമെന്നാണ് ഓസ്‌ട്രേലിയന്‍ സെക്യുരിറ്റീസ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കമ്മീഷന്‍ (എഎസ്‌ഐസി) വിധിച്ചിരിക്കുന്നത്. വിവിധ ഇടപാടുകളിലൂടെ ഓസ്‌ട്രേലിയക്കാരുടെ വിശ്വാസത്തെ വഞ്ചിച്ചതിനും ശരിയല്ലാത്ത നടപടികളില്‍ ഏര്‍പ്പെട്ടതിനുമാണ് ഈ ശിക്ഷ. നാലു കാര്യങ്ങളിലാണ് ബാങ്കിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ ക്രമക്കേടുകള്‍ സംഭവിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. എഎസ്‌ഐസിയുടെ അന്വേഷണത്തിനു ശേഷം ഏതെങ്കിലും കോര്‍പ്പറേറ്റ് സ്ഥാപനം അടയ്‌ക്കേണ്ടതായി വരുന്ന ഏറ്റവും കൂടിയ പിഴത്തുകയാണിതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
1400 കോടി ഡോളറിന്റെ ബോണ്ടുകള്‍ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ച തെറ്റായ സമീപനത്തിന്റെയും കണക്കുകളില്‍ നടത്തിയ തിരിമറികളുടെയും പേരിലാണ് മൊത്തം പിഴത്തുകയില്‍ 12.5 കോടി ചുമത്തിയിരിക്കുന്നത്. ഇത്രയും തുകയുടെ ബോണ്ട് സമാഹരണം തന്നെ തെറ്റായിരുന്നുവെന്നു മാത്രമല്ല, ഇതു സംബന്ധിച്ചു തെറ്റായ കണക്കുകള്‍ ഗവണ്‍മെന്റിലേക്കു സമര്‍പ്പിക്കുകയും ചെയ്തു. ഇതുവഴി സ്വന്തം വിശ്വാസ്യതയാണ് ബാങ്ക് നഷ്ടപ്പെടുത്തിയത്. ഗവണ്‍മെന്റിന് വന്‍തോതില്‍ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു. ഇത്രയും പണം സര്‍ക്കാരിലേക്കു കിട്ടിയിരുന്നെങ്കില്‍ അതുപയോഗിച്ച് സര്‍ക്കാരിനു നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ സാധിക്കുമായിരുന്നത്. സര്‍ക്കാരിന്റെ പൊതു ധനസമാഹരണം അപകടത്തിലാകുമ്പോള്‍ അതിന്റെ വില കൊടുക്കേണ്ടതായി വരുന്നത് ഓരോ ഓസ്‌ട്രേലിയക്കാരനുമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
2022 മെയ് മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇടപാടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ച പരാതികളിലൊന്നിലും യുക്തമായ നടപടികള്‍ സ്വീകരിക്കാത്തതിനാണ് രണ്ടാമത്തെ പിഴയായ നാലുകോടി ഡോളര്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റമര്‍മാരുടെ താല്‍പര്യങ്ങല്‍ ഇത്രയും കാലം സംരക്ഷിക്കപ്പെടാതിരുന്നതിലൂടെ അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളേറെയാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത്തെ പിഴയായ നാലു കോടി ഡോളര്‍ ചുമത്തിയിരിക്കുന്നത് സേവിങ്‌സ് പലിശനിരക്ക് സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ കസ്റ്റമര്‍മാരുമായി പങ്കുവച്ചതിനും അതിനൊത്ത പലിശ അവര്‍ക്കു നല്‍കാതിരുന്നതിനുമാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി പിന്നീട് രണ്ടു ലക്ഷം അക്കൗണ്ടുകളാണ് ബാങ്കിനു ക്രമവല്‍ക്കരിക്കേണ്ടി വന്നത്. നാലാമത്തെ പിഴത്തുകയായ മൂന്നര കോടി ഡോളര്‍ ചുമത്തിയത് മരിച്ചു പോയവരുടെ അക്കൗണ്ടുകളില്‍ ചുമത്തിയിരുന്ന വ്യത്യസ്ത ഫീസുകള്‍ അവകാശികള്‍ക്കു തിരികെ കൊടുക്കാത്തതിനാണ്.
എഎന്‍സെഡ് ബാങ്കില്‍ തെറ്റുകളുടെ അയ്യരുകളി, കിട്ടിയത് എടുപ്പതു പിഴ, 24 കോടി
