ആര്‍ക്കുമാകാം അടുക്കളത്തോട്ടം
വീട്ടിലെ അടുക്കളത്തോട്ടം നിങ്ങളില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയാവാം. ചിലപ്പോള്‍ അങ്ങു ദൂരെ… ദൂരെ…യാവാം. എങ്കിലും നിങ്ങളുടെ ചെടികള്‍ക്കു ദാഹിച്ചാലോ പോഷകങ്ങള്‍ക്കായി വിശന്നാലോ നിങ്ങള്‍ അക്കാര്യം അറിയേണ്ടേ. ഇതാ ഐഓടി അഥവാ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് നിങ്ങളുടെ സഹായത്തിനെത്തുന്നു. ചെടികള്‍ക്കു നന ആവശ്യമാണെങ്കിലും വളങ്ങള്‍ ആവശ്യമാണെങ്കിലും ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു ഫോണിലൂടെ അക്കാര്യം മനസിലാക്കാന്‍ സാധിച്ചാല്‍ അകലങ്ങളിലിരുന്നു വീട്ടിലെ കൃഷി നിയന്ത്രിക്കുന്ന ആര്‍ക്കാണ് ഉപകാരപ്പെടാത്തത്.
ദൂരെയിരുന്ന് വീട്ടുപകരണങ്ങളെയും ഫ്രണ്ട് ഗേറ്റിനെയുമൊക്കെ നിയന്ത്രിക്കുന്നതിലായിരുന്നു ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആദ്യം രക്ഷയ്‌ക്കെത്തിയിരുന്നത്. അവിടെ നിന്ന് വീട്ടിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ പോലെയുള്ള ഉപകരണങ്ങളെ നിയന്ത്രിക്കുന്നതിലേക്ക് ഈ സാങ്കേതിക വിദ്യ പിന്നീടു വളര്‍ന്നു. ഇപ്പോഴിതാ കൃഷിയിലും ഉദ്യാനകൃഷിയിലുമൊക്കെ പുതുയുഗം സൃഷ്ടിക്കാന്‍ ഐഓടി തയ്യാറായിരിക്കുന്നു. കൊച്ചിയിലെ സെസ് (സ്‌പെഷല്‍ ഇക്കണോമിക് സോണ്‍) കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഐടി കമ്പനിയായ റെഞ്ച് സൊല്യൂഷന്‍സാണ് കൃഷിയുടെ മുഖശ്രീ തന്നെ മാറ്റിമറിക്കുന്ന പുതിയ സാങ്കേതിക വിദ്യയും അനുബന്ധ സൗകര്യങ്ങളുമെത്തിക്കുന്നത്.
റെഞ്ച് സൊല്യൂഷന്‍സിന്റെ ഡയറക്ടര്‍മാരിലൊരാളായ മായ വര്‍ഗീസിന്റെ ചിന്തയിലാണ് ഇങ്ങനെയൊരു ആശ്യം ആദ്യമായി ഉദിക്കുന്നത്. റെഞ്ചിന്റെ തന്നെ സിഈഓ ആയ ഭര്‍ത്താവ് വര്‍ഗീസ് ഡാനിയല്‍ പ്രോത്സാഹനവുമായി ഒപ്പമെത്തി. ഐഓടി അടിസ്ഥിതമായ ഒരു കിച്ചന്‍ ഗാര്‍ഡന്‍ സ്വന്തമായി തന്നെ സ്ഥാപിക്കുകയാണ് മായ ആദ്യമായി ചെയ്തത്. സംഭവം വിജയമാണെന്നു കണ്ടെത്തിയതോടെ അതിനു വെര്‍ട്ടിഗ്രോവ് എന്നു പേരുമിട്ടു. കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് വെര്‍ട്ടിഗ്രോവ് സ്വന്തം നിലയില്‍ മികച്ച വളര്‍ച്ച നേടിക്കഴിഞ്ഞു.
നന, ഈര്‍പ്പം, കാലാവസ്ഥ, പോഷകാവശ്യങ്ങള്‍ എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി അതിനനുസരിച്ചുള്ള ഡേറ്റ തന്റെ സംവിധാനത്തിലേക്ക് ഫീഡ് ചെയ്താണ് നൂതന കൃഷി രീതിക്കു കളമൊരുക്കിയത്. കൃത്യമായ അടിസ്ഥാന ഡേറ്റ ലഭിച്ചതോടെ അവയെല്ലാം വേണ്ടതോതില്‍ ചെടിക്കു ലഭിക്കുന്നുണ്ടോയെന്നു മനസിലാക്കുന്നതിനായ സെന്‍സറുകള്‍ സ്ഥാപിച്ചു. വെള്ളമോ പോഷകങ്ങളോ അങ്ങനെയേതും അധികമായാലും കുറവായാലും സെന്‍സറുകള്‍ അക്കാര്യം തിരിച്ചറിയും. ആ ക്ഷണം തന്നെ ഈ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ഉടമയുടെ പക്കലെത്തുകയും ചെയ്യും.
ആപ്പുമായി ബന്ധിപ്പിച്ചാണ് വെര്‍ട്ടിഗ്രോവിന്റെ പ്രവര്‍ത്തനം. തോട്ടത്തോടു ചേര്‍ന്ന് സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്ന വൈഫൈ സംവിധാനമാണ് ഇന്റര്‍നെറ്റിന്റെ കണക്ടിവിറ്റിക്കു വേണ്ട മായ ഉപയോഗിക്കുന്നത്. ജോലിത്തിരക്കിനിടയിലും കുറേയെങ്കിലും പച്ചക്കറി സ്വന്തമായി ഉല്‍പാദിപ്പിച്ച് വിഷരഹിതമായ ഭക്ഷണം കണ്ടെത്തുക എന്ന തീരുമാനമാണ് വെര്‍ട്ടിഗ്രോവ് വികസിപ്പിക്കുന്നതിലേക്ക് മായയെ നയിച്ചത്. സ്വന്തം ആവശ്യത്തിനായി വികസിപ്പിച്ച സംവിധാനം വിജയിച്ചതോടെ ഇതിന്റെ മെച്ചം മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനു വേണ്ടി ഗ്രോ യുവര്‍ ഫുഡ് എന്ന പേരില്‍ ഒരു സംരംഭം രജിസ്റ്റര്‍ ചെയ്തു. പിന്നീട് വെര്‍ട്ടിഗ്രോവിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രോ യുവര്‍ ഫുഡിന്റെ കീഴിലായി.
അളുകളെ മടിയന്മാരാക്കുകയല്ല, മറിച്ച് ജോലിയുടെയോ ജീവിതത്തിന്റെയോ തിരക്കുകളില്‍ അകപ്പെടുന്നവരെ മണ്ണുമായും പച്ചപ്പുമായും അടുപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മായ പറയുന്നു