ആരാണ് ആദ്യ ബഹിരാകാശ സഞ്ചാരി? അറിയില്ലെങ്കില്‍ മുന്‍ കേന്ദ്രമന്ത്രിയോടു ചോദിക്കാം

ഷിംല: ആരായിരിക്കും ആദ്യമായി ഭൂമിയില്‍ നിന്നു ബഹിരാകാശത്തേക്കു പോയത്. നീല്‍ ആംസ്‌ട്രോങ് എന്നോ യൂറി ഗഗാറിന്‍ എന്നോ ഒരു വേള മനസില്‍ പരതുന്നതിനു മുമ്പ് ഇന്ത്യയിലെ ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുന്നതു നന്നായിരിക്കും. പുതിയ പൊതുവിജ്ഞാനം വിളമ്പുകയാണ് അദ്ദേഹം. പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് സിക്കിമിലെ ഷിംലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംസാരത്തിനിടെയാണ് സിലബസുകള്‍ക്കു പുറത്തുള്ള വിജ്ഞാനം പകര്‍ന്നു നല്‍കിയത്. അദ്ദേഹം പറയുന്നതു വിശ്വസിക്കാമെങ്കില്‍ ആദ്യമായി ബഹിരാകാശത്തേക്കു പോയത് മറ്റാരുമല്ല, സാക്ഷാല്‍ ഹനുമാനാണ്. കുട്ടികളുമായുള്ള ഈ സംവാദത്തിന്റെ വീഡിയോ അദ്ദേഹം തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുമുണ്ട്.
പരിപാടിയില്‍ ഠാക്കൂര്‍ കുട്ടികളോടു ചോദിക്കുന്നു. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരായിരുന്നു. കുട്ടികള്‍ എന്തൊക്കെയോ പറയുന്നുണ്ട്. കലപില കാരണം കേള്‍ക്കാനാകുന്നില്ല. അപ്പോള്‍ അനുരാഗ് ഠാക്കൂര്‍ ഇങ്ങനെ പറയുന്നു. അതു ഹനുമാന്‍ ആണെന്നു ഞാന്‍ കരുതുന്നു. അതോടൊപ്പം കുട്ടികള്‍ക്ക് ഒരു അപേക്ഷയും ഠാക്കൂറിന്റെ വകയായുണ്ട്. പാഠപ്പുസ്തകങ്ങള്‍ക്ക് അപ്പുറം ചിന്തിക്കാനും നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യത്തെയും അറിവിനെയും നോക്കിക്കാണാനും ഞാന്‍ പ്രിന്‍സിപ്പലിനോടും നിങ്ങളോടും അപേക്ഷിക്കുന്നു.