ബിഗ്‌ബോസ് സീസണ്‍ ഏഴില്‍ വിജയകിരീടം അനുമോള്‍ക്ക്, വനിത വിജയിയാകുന്നത് രണ്ടാം തവണ, ഒപ്പമെത്തി അനീഷ്

തിരുവനന്തപുരം: മലയാളം ടിവി പരിപാടികളിലെ ഏറ്റവും ജനപ്രിയ പരിപാടിയെന്നു പേരെടുത്ത ബിഗ്‌ബോസിന്റെ സീസണ്‍ ഏഴിനു പരിസമാപ്തി. അവതാരകന്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിച്ചതോടെയാണ് സീസണ്‍ ഏഴിനു സമാപനമായത്. അവസാനം വരെ എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റിക്കൊണ്ട് നിലനിന്ന അനുമോളാണ് വിജയിയെന്നു മോഹന്‍ലാല്‍ പ്രഖ്യാപിക്കുമ്പോള്‍ സാക്ഷിയാകാന്‍ ആയിരക്കണക്കിനു ടിവി പ്രേക്ഷകര്‍. ഇതു രണ്ടാം തവണയാണ് ബിഗ്‌ബോസ് കിരീടം ഒരു വനിതയിലെത്തുന്നത്. സീസണ്‍ നാലില്‍ ദില്‍ഷ പ്രസന്നനായിരുന്നു വിജയി. വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് അനുമോള്‍ വിജയിയാകുന്നത്.

ഇത്തവണ ഫൈനല്‍ ടോപ്പ് ഫൈവില്‍ അനുമോളെ കൂടാതെ അനീഷ്, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. വോട്ടിന്റെ എണ്ണം നോക്കി അക്ബറാണ് ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിന്‍, ഷാനവാസ് എന്നിവരും പുറത്തായി. അവസാനം ബാക്കിയായത് അനീഷും അനുമോളുമായിരുന്നു. ഇവര്‍ ഇരുവരുടെയും കൈകള്‍ പിടിച്ച് മോഹന്‍ലാല്‍ ഗ്രാന്‍ഡ് ഫിനാലെ കടന്നു വരികയായിരുന്നു. അവസാനം അനുമോളുടെ കൈ ഉയര്‍ത്തിയാണ് മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *