മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളില്‍ ഇന്നലെ കുടിയേറ്റ വിരുദ്ധ റാലികളും എതിര്‍ റാലികളും അരങ്ങേറിയെങ്കിലും പതിവു പോലെ മെല്‍ബണില്‍ റാലികളില്‍ പങ്കെടുത്തവര്‍ അക്രമാസക്തരായി മാറി. കുടിയേറ്റ വിരുദ്ധ റാലിയില്‍ പങ്കെടുത്തവര്‍ പോലീസിനു നേരെയും അക്രമം അഴിച്ചു വിട്ടു. പ്രകടനക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകരാന്റെ കൈ ഒടിയുകയും മറ്റൊരു പോലീസുകാരന്റെ കാലില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. പോലീസിനു നേരെ ശക്തമായ കല്ലേറാണ് കുടിയേറ്റവിരുദ്ധ റാലിക്കാര്‍ നടത്തിയത്.
കുടിയേറ്റ വിരുദ്ധ പ്രചാരണം പതിവു പോലെ ഏശുന്നില്ലെന്ന് ഇന്നലത്തെ റാലി സൂചന നല്‍കുകയും ചെയ്തു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ വളരെ കുറഞ്ഞ ജനപങ്കാളിത്തം മാത്രമായിരുന്നു ഇന്നലെ ദൃശ്യമായത്. എന്നു മാത്രമല്ല, കുടിയേറ്റ വിരുദ്ധ റാലിയെ ചെറുക്കാന്‍ പൊതു സമൂഹം ശക്തമായി രംഗത്തു വരികയും ചെയ്തു. ഇന്നലെ മെല്‍ബണിലാണ് ഇക്കാര്യം ഏറ്റവും ശക്തമായി കാണാന്‍ സാധിച്ചത്. കുടിയേറ്റ വിരുദ്ധ റാലിക്കാരോട് ഏറ്റുമുട്ടുന്നതിനു വരെ തയാറായാണ് എതിര്‍ റാലിക്കാര്‍ എത്തിയത്.
ഇക്കുറി പ്രകടനക്കാരെ നിയന്ത്രിക്കുന്നതിനായി പോലീസ് ശക്തമായ നടപടികള്‍ തന്നെയാണ് സ്വീകരിച്ചത്. ജനക്കൂട്ടം അക്രമാസക്തമായതോടെ ആദ്യം ശബ്ദവും തീനാളങ്ങളും മാത്രം കാണുന്ന ഫ്‌ളാഷ് ബാങ്ങുകള്‍ പൊട്ടിച്ചു, പിന്നീട് റബര്‍ ബുള്ളറ്റുകള്‍ കൊണ്ടു വെടവയ്ക്കുകയും ചെയ്തു. അതുകൊണ്ടും പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ കഴിയില്ലെന്നു വന്നതോടെ പെപ്പര്‍ ബോംബുകള്‍ എന്നു വിളിക്കുന്ന മുളക് ബോംബുകള്‍ പോലും പൊട്ടിക്കുകയുണ്ടായി.

