മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അരങ്ങേറിയ കുടിയേറ്റ വിരുദ്ധ റാലികളില്‍ ആയിരങ്ങള്‍ അണിനിരന്നു. നിയോ നാസികള്‍ എന്ന് വിളിക്കപ്പെടുന്ന നാഷണല്‍ സോഷ്യലിസ്റ്റ് നെറ്റ്‌വര്‍ക്ക് ദേശീയ വാദം ഉന്നയിച്ചു നടത്തുന്ന റാലികള്‍ക്കെതിരേ പലയിടത്തും റാലി വിരുദ്ധരും തെരുവിലിറങ്ങിയിട്ടുണ്ട്. മിക്കയിടത്തും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളാണ് ഇരുവിഭാഗം റാലികളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ രൂപപ്പെട്ടത്. നിലവില്‍ മെല്‍ബണ്‍ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ (സിബിഡി) മാത്രമാണ് പരസ്പരമുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മെല്‍ബണില്‍ ബൂര്‍ക്ക് സ്ട്രീറ്റും സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റും സന്ധിക്കുന്ന ഭാഗത്ത് ഇരുവിഭാഗം റാലികളും നേര്‍ക്കു നേര്‍ വരികയായിരുന്നു. ഇരുകൂട്ടരും പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയടുക്കുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടയില്‍ ഒരു സ്ത്രീയെ എടുത്തുയര്‍ത്തി ആരോ എറിയുകയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏതു വിഭാഗത്തില്‍ നിന്നു റാലിക്കെത്തിയതാണ് സ്ത്രീയെന്നു വ്യക്തമായിട്ടില്ല.
നിയോ നാസി വിഭാഗത്തിന്റെ നേതാവായി വിളിക്കപ്പെടുന്ന ടോം സെവെല്‍ മെല്‍ബണില്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. തങ്ങള്‍ നേരും അഭിമാനവും പക്വതയുമുള്ള ഓസ്‌ട്രേലിയക്കാര്‍ എന്ന നിലയിലാണ് ഇന്നു തെരുവിലിറങ്ങിയിരിക്കുന്നതെന്ന് സെവെല്‍ തന്റെ പ്രസംഗമധ്യേ പറഞ്ഞദതിനെ റാലിയില്‍ പങ്കെടുത്തവര്‍ ഹര്‍ഷാരവത്തോടെയാണ് ശ്രവിച്ചത്.
ഇരു പക്ഷവും റാലിയില്‍ പങ്കെടുക്കാനെത്തിയത് പെപ്പര്‍ സ്‌പ്രേ പോലെയുള്ള കാര്യങ്ങളും കരുതിയായിരുന്നു. അന്യോന്യം ദാക്ഷിണ്യമില്ലാതെ ഇവ പ്രയോഗിക്കുകയും ചെയ്തു.

ഏറെക്കാലമായി കുടിയേറ്റക്കാര്‍ക്കെതിരായ നീക്കങ്ങളും അഭിപ്രായ രൂപീകരണവും മണ്ണിന്റെ മക്കള്‍ വാദികളെന്നു വിളിക്കാവുന്ന നാഷണല്‍ സോഷ്യലിസ്റ്റ് നെറ്റ്‌വര്‍ക്ക് നടത്തിവരികയായിരുന്നു. പലയിടത്തും ഇതിനകം നിരവധി തവണ അക്രമോത്സുകമായ റാലികളുമായി ഇവര്‍ തെരുവിലിറങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. അതേസമയം തങ്ങള്‍ക്ക് നിയോ നാസികളുമായോ വെള്ളക്കാരുടെ മേല്‍ക്കൈ വേണമെന്നാവശ്യപ്പെടുന്ന മറ്റു ദേശീയവാദി ഗ്രൂപ്പുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് കുടിയേറ്റവിരുദ്ധ റാലിയുടെ സംഘാടകര്‍ അവകാശപ്പെടുന്നത്.