കുടിയേറ്റ വിരുദ്ധരും സോവറിനിറ്റിയും ചേര്‍ന്ന് വിവിധയിടങ്ങളില്‍ റാലികളുടെ ഞായര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്ക് വീണ്ടുമൊരു റാലി ഞായര്‍ കൂടി. പരസ്പരം പോരടിക്കുന്ന മുദ്രാവാക്യങ്ങളുമായി രണ്ടു റാലികള്‍ വീതമാണ് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അരങ്ങേറിയത്. പോലീസിന്റെ വളരെ കണിശതയോടെയുള്ള സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് പലയിടത്തും അനിഷ്ട സംഭവങ്ങള്‍ ഒഴിവായെങ്കിലും മെല്‍ബണില്‍ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുക തന്നെ ചെയ്തു. എങ്കില്‍ കൂടി സ്ഥിതിഗതികള്‍ അതിരുവിടാതെ കാക്കുന്നതിനു പോലീസിന്റെ ഇടപെടല്‍ സഹായമായി.
മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ ഇന്ന് അവരുടെ കുടിയേറ്റ വിരുദ്ധ തുടര്‍ റാലി പണ്ടേ പ്രഖ്യാപിച്ചിരുന്നതാണ്. അതേ സമയം ഇന്നു തന്നെ സ്വന്തം പൈതൃക സംരക്ഷണത്തിനായി ആദിമജനതയുടെ മുന്നേറ്റമായി സോവറിനിറ്റിയും പിന്നീട് റാലി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ സൈ്വരം നഷ്ടപ്പെട്ടത് പോലിസിനായിരുന്നു.. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ആയിരങ്ങളാണ് രണ്ടു റാലികളിലും പങ്കെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നവനാസി വിഭാഗങ്ങള്‍ നടത്തിയ കുടിയേറ്റ വിരുദ്ധ റാലികള്‍ക്കിടയിലാണ് മെല്‍ബണിലെ ആദിമജനതയുടെ പുണ്യസങ്കേതവും സംസ്‌കാര സ്ഥലവുമായി ക്യാമ്പ് സോവറിനിറ്റി ആക്രമിക്കപ്പെട്ടത്. ഇതോടെ ക്ഷുഭിതരായ ആദിമജനവിഭാഗങ്ങള്‍ അതില്‍ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് ഇന്ന് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നത്. അതേസമയം അനിയന്ത്രിതമായ കുടിയേറ്റത്തിനും അതിനുപിന്നിലുണ്ടെന്നാരോപിക്കപ്പെടുന്ന അഴിമതിക്കുമെതിരേയായിരുന്നു മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയയുടെ റാലി.
ചെറുതായെങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍്ട്ട്‌ചെയ്യപ്പെട്ടത് വിക്ടോറിയയിലായിരുന്നു. അവിടെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം രണ്ടു റാലികളും തമ്മില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് നേര്‍ക്കുനേര്‍ വന്നപ്പോള്‍ പോലിസ് ഇടയില്‍ കയറി രണ്ടു കൂട്ടരെയും പിന്നിലേക്കു തള്ളിമാറ്റുകയും മുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. അതോടെ ചെറു ഗ്രൂപ്പുകളായി ചിതറിപ്പോയവര്‍ സമീപത്തെ ചെറു റോഡുകളില്‍ ഏറ്റുമുട്ടുകയായിരുന്നു. അവിടെയുമെത്തിയ പോലിസ് ഇരുകൂട്ടരെയും പിരിച്ചുവിടുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങളില്‍ നാലു പേര്‍ക്ക് പരിക്കേറ്റുവെന്നാണറിയുന്നത്.