അണ്ണാമലൈയ്ക്കു ബിജെപിയെ മടുക്കുന്നു, പാര്‍ട്ടി വിടാനൊരുങ്ങുന്നു, പുതിയ പാര്‍ട്ടി രൂപീകരിക്കില്ല

ചെന്നൈ: ബിജെപിക്ക് തമിഴ്‌നാട്ടില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മുന്‍ സിവിള്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ പാര്‍ട്ടി വിടാനൊരുങ്ങുന്നു. കുറേക്കാലമായി പാര്‍ട്ടിയുമായി തീരെ സുഖത്തിലല്ലായിരുന്ന അണ്ണാമലൈ കടുത്ത തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഐപിഎസില്‍ നിന്നു രാജിവച്ചാണ് ഇദ്ദേഹം ബിജെപിക്കു വേണ്ടി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്.

പാര്‍ട്ടിക്ക് ഇഷ്ടമുണ്ടൈങ്കില്‍ മാത്രമേ താന്‍ തുടരൂ. അല്ലെങ്കില്‍ രാജിവച്ച് കൃഷിയിലേക്കു തിരിയും എന്നാണ് കഴിഞ്ഞ ദിവസം തുറന്നടിച്ചത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അല്ലെങ്കില്‍ സിവിള്‍ സര്‍വീസില്‍ നിന്നു രാജി വച്ച് പുറത്തുവരേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയ സഖ്യം ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതു തുടരും. എന്നാല്‍ ആരാണ് പദവിയില്‍ തുടരേണ്ടതെന്നോ ആരെങ്ങനെ പെരുമാറണമെന്നോ നിര്‍ദേശിക്കാന്‍ കഴിയില്ല. ആരെയും തോക്കു ചൂണ്ടി പാര്‍ട്ടില്‍ നിലനിര്‍ത്താനും സാധിക്കില്ല’ അണ്ണാമലൈ തുറന്നടിച്ചു.

ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ അടുത്ത കാലത്തായി അണ്ണാമലൈയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. അമിത് ഷായ്ക്കു നല്‍കിയ ഉറപ്പിന്റെ പേരിലാണ് എഐഎഡിഎംകെയ്ക്കു അതേ ഭാഷയില്‍ മറുപടി പറയാത്തതെന്ന് അണ്ണാമലൈ വ്യക്തമാക്കി. സംസാരിച്ചു തുടങ്ങിയാല്‍ പല കാര്യങ്ങളും പറയേണ്ടി വരും.എന്നാല്‍ ഇതു വരെ എഐഎഡിഎംകെയ്ക്ക് എതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *